കൊല്ലം:ഉത്രയെ കൊന്നത് സ്വത്തിനു വേണ്ടി തന്നെയെന്ന് പോലീസ്. ഉത്രയെ കടിച്ചത് മൂർഖൻ പാമ്പെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. കുഴിയിൽ നിന്നും ലഭിച്ച വിഷപ്പല്ല്, മസിൽ, എല്ലുകൾഎന്നിവ പരിശോധനയ്ക്ക് അയക്കും. പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നും കേസിന് ആവശ്യമായനിർണായകമായ തെളിവുകൾ കിട്ടിയെന്നും ഡോക്ടർമാർ പറഞ്ഞു.
ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.
പാമ്പിന്റെ നീളം , പല്ലുകളുടെ അകലം എന്നിവയും പരിശോധിച്ചു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവ് ഈ പാമ്പി കടിച്ചുണ്ടായതാണോ എന്ന് ഉറപ്പിക്കാനാണ് ഇവ പരിശോധിച്ചത്. പാമ്പിനെ മനപൂർവം മുറിയിൽ എത്തിച്ചതാണോ എന്നും കണ്ടെത്തേണ്ടതുണ്ട് ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും.സൂരജിനേയും സൂരജിന് പാമ്പിനെ നല്കിയ സുരേഷിനേയും നാളെ അടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് റിമാന്റ് റിപ്പോർട്ടില്‍ പറയുന്നത്.
അതേസമയം ഉത്രയെ പാന്പ് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഭർത്താവ് സൂരജിന്റെ ധന മോഹമാണെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു വിവാഹം കഴിക്കാനായി ഉത്രയിൽ നിന്ന് വിവാഹ മോചനം നേടിയാല്‍ അരക്കോടിയോളം രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കേണ്ടി വരും. സൂരജിന് മുന്നില്‍ ഉത്ര എന്ന 25 കാരിയെ ഒഴിവാക്കാന്‍ കൊലപാതകമല്ലാതെ വേറെ മാര്ഗമില്ലയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, വീടുപണിക്കും വാഹനം വാങ്ങുന്നതിനുമായി മറ്റുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍. മാസം വട്ടചിലവിന് പ്രത്യേകം തുക, എന്നിങ്ങനെ ഉത്രയുടെ കുടുംബത്തില്‍ നിന്നും സൂരജിന് ലഭിച്ചത് അരക്കോടി വരുന്ന സ്വത്ത് വകകള്‍. 2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്.
വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ചെറിയ ചില മാനസിക പ്രശ്നങ്ങള്‍ ഉള്ള ഉത്ര തന്റെ ജീവിത രീതിയ്ക്ക് പറ്റിയതല്ലെന്ന സൂരജ് മനസിലാക്കി. ഇതോടെ ഒഴിവാക്കാനുള്ള പോംവഴികളും ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു. വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം വരുന്ന സ്വത്ത് വകകള്‍ തിരിച്ച് നല്‍കേണ്ടി വരും. സ്വത്തുക്കള്‍ പോവുകയുമരുത്, ഉത്രയെ ഒഴിവാക്കുകയും വേണം. പിന്നീട് ഇതായിരുന്നു 27-കാരനായ സൂരജിന്റെ ചിന്ത.
മാസങ്ങളായി ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് പോലീസ് പറയുമ്പോഴും സൂരജ് ഒരു വര്‍ഷം മുമ്പ് തന്നെ ഉത്രയെ ഒഴിവാക്കാനുള്ള ബുദ്ധി ആലോചിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സുഹൃത്തായ കൊല്ലം പാരിപ്പള്ളി ചാരുകാവ് സ്വദേശി പാമ്പ് സുരേഷ് എന്ന സുരേഷില്‍ നിന്നും അണലി ഇനത്തില്‍പ്പെട്ട പാമ്പിനെ സ്വന്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ഈ പാമ്പിനെ ഉപയോഗിച്ച് ആദ്യ കൊലപാത ശ്രമം. പക്ഷെ പിഴച്ചു. അല്‍പ്പം കഴിഞ്ഞപ്പോഴേക്കും ഉത്രക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടി വന്നു. എന്നാല്‍ ആദ്യശ്രമം പാളി എങ്കിലും രണ്ടാമൂഴത്തിനായി സൂരജ് കാത്തിരുന്നു. ഏപ്രില്‍ 24 ന് വീണ്ടും സുരേഷിനെ കാണുകയും പതിനായിരം രൂപ നല്കി ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ ഇനത്തിലെ പാമ്പിനെ വാങ്ങുകയും ചെയ്യുന്നു. പിന്നീട് രണ്ടാഴ്ച കൂടി കാത്തിരുന്ന സൂരജ് മേയ് ആറിനു അര്‍ധരാത്രി തന്റെ പദ്ധതി നടപ്പിലാക്കുന്നു.
പ്ലാസ്റ്റിക് ജാറില്‍ അടച്ചു ദിവസങ്ങളായി ബാഗില്‍ സൂക്ഷിച്ച് വച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊത്തിപ്പിക്കുന്നു. ഒന്നല്ല പലതവണ. ഒടുവില്‍ കാത്തിരുന്ന് ഉത്രയുടെ മരണം ഉറപ്പിക്കുന്നു. പിന്നീട് പതിവില്‍ നിന്നും വിപരീതമായി പുലര്‍ച്ചെ പുറത്തേക്ക് പോകുന്നു.ഈ സമയത്താണ് ഉത്രയുടെ മാതാവ് എത്തുകയും മകളുടെ ചലനമറ്റ ശരീരം കാണുകയും ചെയ്യുന്നത്. ആദ്യം കരുതിയത് അബോധാവസ്ഥയില്‍ ആയിരിക്കാം എന്നായിരുന്നു. പിന്നീട് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിച്ചതും ശീതീകരിച്ച മുറിയുടെ ജനല്‍ തുറന്നു കിടന്നു എന്നതും ഉത്രയുടെ മാതാപിതാക്കളില്‍ ഉളവാക്കിയ സംശയമാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ പ്രധാന കാരണം. സ്വത്ത് തട്ടിയെടുക്കാന്‍ പദ്ധതിയിട്ട സൂരജ് സ്വയം കുഴിച്ച കുഴിയില്‍ വീണു ഇപ്പോള്‍ അഴിക്കുള്ളില്‍ ആയിരിക്കുകയാണ്.