ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത തുടരുന്നു. പോലീസില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പടിഞ്ഞാറന്‍ യുപിയിലെ ഷംലിയിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയില്‍ ധീമാന്‍പുരയ്ക്കടുത്ത് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 24 റിപ്പോര്‍ട്ടര്‍ അമിത് ശര്‍മയെയാണ് റെയില്‍വേ പൊലീസ് മര്‍ദ്ദിച്ചത്. അമിത് ശര്‍മ്മയെ ഒരു പോലീസ് ഓഫീസര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. തന്റെ വിശദീകരണം കേള്‍ക്കാന്‍ പോലും തയ്യാറാകാതെയായിരുന്നു മര്‍ദ്ദനമെന്നു അമിത് ശര്‍മ്മ പറയുന്നു.
സ്റ്റേഷനിലെത്തിച്ച് തന്നെ ലോക്കപ്പിലാക്കി. തന്റെ മുന്നില്‍ നിന്ന് ചില പോലീസുകാര്‍ വസ്ത്രമഴിക്കുകയും വായിലേക്ക് മൂത്രമൊഴിച്ചുവെന്നും ശര്‍മ്മ പിന്നീട് പറഞ്ഞു. അമിത് ശര്‍മ്മയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെ മാധ്യമപ്രവര്‍ത്തകാര്‍ സ്റ്റേഷനിലേക്ക് എത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച മര്‍ദ്ദനത്തിന്റെ വീഡിയോ കണ്ട ജനക്കൂട്ടവും സ്റ്റേഷനിലേക്ക് എത്തിയിരുന്നു. പോലീസ് ആസ്ഥാനത്തെത്തി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തി. ഇതോടെയാണ് അമിത് ശര്‍മ്മയെ വിട്ടയച്ചത്.
ഇതോടെ വിഷയത്തില്‍ ഇടപെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ ഓഫീസര്‍ രാകേഷ് കുമാറിനെയും റെയില്‍വേ കോണ്‍സ്റ്റബിള്‍ സുനില്‍ കുമാറിനെയും സസ്പെന്റു ചെയ്തു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് ഷാംലി എസ്.എസ്.പി അജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്ന യുവതിയുടെ വീഡിയോ ദൃശ്യം ട്വീറ്റ് ചെയ്തതിന് ഒരു മാധ്യമപ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ യു.പി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് ഇന്നലെ കടുത്ത വിമര്‍ശനവും നേരിടേണ്ടിവന്നിരുന്നു. ഇതിനു പിന്നലെയാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകനു നേര്‍ക്ക് റെയില്‍വേ പോലീസിന്റെ അതിക്രമം.