വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ തുടരുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ രംഗത്ത്. ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ് താല്‍പര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാന്‍ നേതാക്കള്‍ തയാറാകണമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും അനുകൂലമായ അവസരം പാഴാക്കരുത്. താന്‍ മത്സരിക്കേണ്ടെന്ന് 2009ല്‍ തന്നെ തീരുമാനിച്ചിരുന്നു. അന്ന് താന്‍ മത്സരരംഗത്തു നിന്ന് മാറിയതുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ക്ക് അവസരം കിട്ടിയതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. വയനാട് സീറ്റിനെ ചൊല്ലി എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് സുധീരന്റെ വിമര്‍ശനം. തര്‍ക്കം തുടരുന്നതിനാല്‍ തീരുമാനം ഹൈക്കമാന്റിന് വിടാനാണ് ധാരണ. വയനാട്, വടകര മണ്ഡലങ്ങളുടെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത്. വയനാട്ടില്‍ ടി.സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി.
നേതാക്കള്‍ ഗ്രൂപ്പ് താല്‍പര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാന്‍ തയാറാകണം; വി എം സുധീരന്‍
Tags: Election 2019