ദില്ലി: മോദി ഭരണത്തിനെതിരെ ആഞ്ഞടിച്ച് രാജ്യസഭാംഗത്വം രാജിവച്ച നവ്ജോത് സിംഗ് സിദ്ദു. നാലാം തവണയാണ് പഞ്ചാബില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത്. ഇത്രയും നാള്‍ സഹിച്ചു. ഇനി ഇതംഗീകരിക്കാന്‍ കഴിയില്ല. നാലു തവണ വിജയിപ്പിച്ച ജനങ്ങളെ മറക്കാന്‍ കഴിയില്ലെന്നും സിദ്ദു പറഞ്ഞു.
പഞ്ചാബില്‍ ജനിച്ചുവളര്‍ന്ന തന്റെ വേരുകള്‍ തനിക്ക് അറുത്തുമാറ്റാന്‍ കഴിയില്ല. ചിലയാളുകളുടെ താല്‍പര്യപ്രകാരമാണ് തന്നെ പഞ്ചാബില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇതോടെ പഞ്ചാബിനെ ശ്രദ്ധിക്കാന്‍ തനിക്ക് കഴിയാതെ വന്നു. 2004ല്‍ വാജ്പേയിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ബി.ജെ.പിയില്‍ എത്തിയത്. അക്കാലത്ത് ഇവിടെ ബി.ജെ.പിയുടെ ഏക വിജയിയും താനായിരുന്നു. എന്നാല്‍ മോഡി തരംഗം വന്നതോടെ പ്രതിപക്ഷത്തിനൊപ്പം താനും മുങ്ങിപ്പോയെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
പഞ്ചാബിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് രാജ്യസഭ സീറ്റ് താന്‍ സ്വീകരിച്ചത്. എന്നല്‍ പഞ്ചാബിനു വേണ്ടി സമീപിക്കുന്ന ജാലകവും തനിക്കു മുന്നില്‍ കൊട്ടിയടയ്്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ ഈ സ്ഥാനം തനിക്ക് ഒരു ഭാരമായി. അത് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എം.പി സ്ഥാനം രാജിവച്ചതിനെ കുറിച്ച് സിദ്ദു പ്രതികരിച്ചു.
അതേസമയം, ബി.ജെ.പി വിട്ട് സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം ഒന്നും വ്യക്തമാക്കിയില്ല. പഞ്ചാബിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കും. പഞ്ചാബിനെയും അമൃത്സറിനെയും സേവിക്കുകയുമാണ് ആവശ്യം. എന്നാല്‍ എന്റെ ജനങ്ങളെ ഞാന്‍ കബളിപ്പിക്കില്ലെന്നു പറഞ്ഞ സിദ്ദു താന്‍ ബി.ജെ.പി വിട്ടതായോ എഎപിയില്‍ ചേര്‍ന്നതായോ വ്യക്തമാക്കിയില്ല.
2004 മുതല്‍ 2014 വരെ അമൃത്സറില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്ന സിദ്ദുവിനെ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്ലിക്കു വേണ്ടി മാറ്റിയിരുന്നു. എന്നാല്‍ സിദ്ദു പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതോടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു.