മാടമ്പള്ളിയിലെ യഥാര്‍ത്ഥ രോഗി…ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്”

ബഷീര്‍ വള്ളിക്കുന്ന്
കേരള മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖം ഞെട്ടലോടെയാണ് വായിച്ചത്. വര്‍ഷങ്ങളോളം കേരള പോലീസിന്റെ തലപ്പത്തുണ്ടായിരുന്ന ഒരാളുടെ സാമൂഹിക വീക്ഷണങ്ങള്‍ എന്താണെന്നും വിവിധ മതവിഭാഗങ്ങളോടുള്ള കാഴ്ചപ്പാടുകള്‍ എന്താണെന്നും ഭീതിയോടെ തിരിച്ചറിയേണ്ട അവസ്ഥാവിശേഷമാണ് ആ അഭിമുഖം കേരളക്കരക്ക് നല്കിയിരിക്കുന്നത്. വളരെ മതേതരവും നിഷ്പക്ഷവുമായിരുന്ന കേരളത്തിലെ പോലീസിനെ അടിമുടി സംഘിവത്കരിക്കുവാന്‍ ശ്രമിക്കുന്നത് ആരാണെന്ന ചോദ്യം കുറേക്കാലമായി നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ ഉയര്‍ന്ന് വന്നതാണ്. ആര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാതിരുന്ന ചോദ്യം. ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. മാടമ്പള്ളിയിലെ ആ രോഗി മറ നീക്കി പുറത്ത് വന്നിരിക്കുന്നു. ഡി ജി പി പറഞ്ഞ ജനസംഖ്യാ കണക്കുകളില്‍ നിന്ന് തുടങ്ങാം. അഭിമുഖത്തിലെ പ്രൈം ഫോക്കസ് അതാണ്.

“കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും” രണ്ടാഴ്ച മുമ്പ് റിട്ടയര്‍ ചെയ്ത ഒരു ഡി ജി പിയുടെ ഉത്കണ്ഠയാണ്. ജനിക്കുന്ന കുഞ്ഞുങ്ങളുടെ മതം നോക്കി അവരുടെ ശതമാനം നോക്കി കേരളത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്ന ഒരു പോലീസ് മേധാവിയുടെ മാനസിക നില എന്തായിരിക്കുമെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കണക്കുകള്‍ ഉദ്ധരിച്ച ശേഷം അദ്ദേഹം പറഞ്ഞിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യമാണ്.

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്”

അതായത് ഡി ജി പി യുടെ കണക്ക് പ്രകാരം 19.5 ശതമാനമുള്ള ക്രിസ്ത്യാനികള്‍ക്കിടയിലെ ജനനനിരക്ക് 15 ശതമാനമാണ്. അതായത് നാലര ശതമാനത്തിന്റെ ആനുപാതിക കുറവ്. കേരളത്തിന്റെ മൂന്നരക്കോടി ജനസംഖ്യയില്‍ ആ നാലര ശതമാനം എന്ന് വെച്ചാല്‍ ഏതാണ്ട് പതിനഞ്ച് ലക്ഷം വരും. പതിനഞ്ച് ലക്ഷം പേരെ മതപരിവര്‍ത്തനം നടത്തിയിട്ടാണ് ക്രിസ്ത്യാനികള്‍ അവരുടെ ജനസംഖ്യ കുറക്കാതെ നോക്കിയത് എന്നര്‍ത്ഥം. എവിടെ നിന്നാണ് ഡി ജി പി ക്ക് ഈ കണക്കുകള്‍ കിട്ടിയത്. അഭിമുഖത്തില്‍ ഒരിടത്ത് അദ്ദേഹത്തിന് വാട്സ്ആപ്പില്‍ കിട്ടിയ മെസ്സേജുകളെ ക്വാട്ട് ചെയ്ത് അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. ഈ കണക്കുകളും ഏതെങ്കിലും സംഘി അദ്ദേഹത്തിന് വാട്സ്ആപ്പില്‍ കൊടുത്തതാണോ? അതോ ഡി ജി പിയെന്ന നിലക്ക് അദ്ദേഹം ശേഖരിച്ചതോ? കേരള സമൂഹത്തെ ഇയാള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

മുസ്‌ലിം ജനനനിരക്കിനെക്കുറിച്ച് പറഞ്ഞതിലും ചില വശപ്പിശകുകള്‍ കാണുന്നുണ്ട്. ക്രിസ്ത്യാനികളില്‍ നാലര ശതമാനത്തിന്റെ കുറവ് ഉള്ളത് പോലെ ഹിന്ദുക്കളുടെ ജനനനിരക്കില്‍ സെന്‍കുമാര്‍ കണ്ടെത്തിയിട്ടുള്ള കുറവ് ആറ് ശതമാനമാണ്. ഈ കുറവ് വന്ന ആറ് ശതമാനവും നാലര ശതമാനവും മുസ്‌ലിം വിഭാഗത്തിലെ ജനനനിരക്കിലേക്ക് കൂട്ടിയാല്‍ തന്നെ സെന്‍കുമാര്‍ പറയുന്ന നാല്പത്തിരണ്ട്‍ ശതമാനത്തിലേക്ക് എത്തില്ല. സെന്‍കുമാറിന്റെ കണക്ക് പ്രകാരം ശതമാനം കൂട്ടിയാല്‍ അത് നൂറില്‍ നില്‍ക്കില്ല താനും!!. ശതമാനക്കണക്ക് നൂറ്റിയഞ്ചിലേക്ക് പോകും (42 + 48 + 15). അതായത് ഇത് ആരോ വാട്സ് ആപ്പില്‍ സൃഷ്‌ടിച്ച കണക്കാകാനാണ് കൂടുതല്‍ സാധ്യത.TP SENKUMAR -VALLIKKUNNU

മുന്‍ ഡി ജി പി പറയുന്ന മറ്റൊരു കാര്യം ശ്രദ്ധിക്കുക.

“പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം.”

ഇത് കേട്ടാല്‍ തോന്നുക പശുവിന്റെ പേരില്‍ ഇന്ത്യയില്‍ കൊലകള്‍ നടന്നിട്ടില്ലെന്നും അവയൊക്കെ കെട്ടുകഥകള്‍ ആണെന്നുമാണ്. അടുക്കളയില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന പാവം മനുഷ്യനെ ആള്‍കൂട്ടം അടിച്ചു കൊന്നത് മുതല്‍ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ജുനൈദിനെ ബീഫ് തിന്നുന്നവനെന്ന് പറഞ്ഞു കഴിഞ്ഞ പെരുന്നാള്‍ തലേന്ന് അടിച്ചു കൊന്നതടക്കം എണ്ണമറ്റ പശുക്കൊലപാതകങ്ങളുടെ ഭീതിതമായ ഇന്ത്യന്‍ അവസ്ഥയില്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന്. അതായത് അടിച്ചു കൊല്ലുന്ന ആള്‍ക്കൂട്ട ഭീകരതയെ കണ്ടു നിന്ന് രസിക്കണമെന്ന്.. ഒരു കടുത്ത സംഘിയില്‍ നിന്ന് പോലും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത വാക്കുകളാണ് സര്‍വീസില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ ഡി ജി പി യില്‍ നിന്ന് കേട്ടിരിക്കുന്നത്. ബെഷട് ഡി ജി പീ, ബെഷട്.. ഒരു സമുദായത്തോട് എത്രമാത്രം പകയും വിദ്വേഷവും മനസ്സില്‍ വെച്ചുകൊണ്ടാകണം ഇതുപോലെയുള്ള ഓഫീസര്‍മാര്‍ അവരുടെ സര്‍വീസ് കാലത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കുക എന്നൂഹിക്കാവുന്നതാണ്.
കോടതി വ്യക്തമായ അന്വേഷണം നടത്തി സത്യാവസ്ഥയില്ലെന്ന് പറഞ്ഞു തള്ളിക്കളഞ്ഞ ആരോപണമാണ് ലൗ ജിഹാദിന്റേത്. സംഘികള്‍ ഉന്നയിക്കുന്ന ആ ആരോപണവും അഭിമുഖത്തില്‍ സെന്‍കുമാര്‍ മുസ്‌ലിം സമുദായത്തിന്റെ പുറത്ത് കെട്ടിവെക്കാന്‍ ശ്രമിക്കുന്നുണ്ട്. അഭിമുഖത്തിനിടക്ക് അദ്ദേഹം പറയുന്ന മറ്റൊരു വാചകവും ശ്രദ്ധേയമാണ്. “അവരിലും നല്ല ആളുകളുണ്ട്”. അതായത് മുസ്ലിംകളിലും നല്ലവരുണ്ട് എന്ന്.. കള്ളന്മാരിലും ചില മര്യാദക്കാരുണ്ട് എന്ന് പറയുന്ന ടോണില്‍.

സെന്‍കുമാര്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം ഇതാണ്.

“മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍.”

ഹമീദ് ചേന്ദമംഗലൂരും എം എന്‍ കാരശ്ശേരിയും മതേതര വീക്ഷണം പുലര്‍ത്തുന്ന മുസ്ലിംകളെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. അതില്‍ തന്നെ കാരശ്ശേരിക്ക് പകുതി മാര്‍ക്കേ കൊടുത്തിട്ടുള്ളൂ. ഫുള്‍ മാര്‍ക്ക് കിട്ടിയിട്ടുള്ളത് ഹമീദ് ചേന്ദമംഗലൂരിനാണ്. ഈ ഹമീദ് ചേന്ദമംഗലൂരെങ്ങാനും കേരളത്തില്‍ ജനിച്ചിട്ടില്ലായിരുന്നുവെങ്കിലുള്ള ദുര്യോഗം ആലോചിച്ചു നോക്കൂ. കേരളത്തിലെ തൊണ്ണൂറ് ലക്ഷം മുസ്ലിംകളില്‍ ഒരെണ്ണം പോലും മതേതരനായി ഉണ്ടാവുമായിരുന്നില്ല. കേരളത്തിലെ മുസ്ലിംകളെ ഇത്തരമൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ച ഹമീദ് ചേന്ദമംഗലൂരിന് മിനിമം ഒരു ഭാരത രത്ന പുരസ്കാരമെങ്കിലും പ്രധാനമന്ത്രി മോഡിയെക്കൊണ്ട് കൊടുപ്പിക്കണം.tp senkumar dgp

അദ്ദേഹം പറഞ്ഞ കാര്യത്തിലേക്ക് തന്നെ വരാം. “ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്.” അതായത് ഹമീദ് ചേന്ദമംഗലൂര്‍ ഒഴിച്ച് കേരളത്തിലെ ബാക്കി എല്ലാ മുസ്ലിംകളേയും (‘അര കാരശ്ശേരി’യടക്കം) ‘ഡീറാഡിക്കലൈസ്’ ചെയ്യാന്‍ പുള്ളി നിയോഗിച്ച അഞ്ഞൂറ്റി പതിനഞ്ച് പേര്‍ ആരാണെന്ന് സഖാവ് പിണറായി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ആ 515 പേര്‍ ഏത് വകുപ്പിലാണ് ഉള്ളത് എന്നും അവര്‍ സെന്‍കുമാര്‍ ജോലിയേല്പിച്ച ശേഷം ഇതുവരെ എന്താണ് ചെയ്തത് എന്നും ഒരു റിപ്പോര്‍ട്ട് വാങ്ങണം. ഇന്ത്യന്‍ സമൂഹത്തിനു അത്തരമൊരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാമിന്റെ അത്യാവശ്യമുള്ള സമയമാണ് ഇത്. സെന്‍കുമാറിന്റെ ഈ പ്രോഗ്രാം ദേശീയാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ പറ്റുമോ എന്നും നോക്കണം.

ഡി ജി പി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയപ്പോള്‍ ഉണ്ടായ ബഹളങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ഒരു വാചകമുണ്ട് “നിങ്ങള്‍ വല്ലാതെ ബഹളം വെക്കേണ്ട അയാള്‍ നിങ്ങടെ കയ്യിലല്ല ഇപ്പോ മറ്റാളുകളുടെ കൈയ്യിലാണു നിങ്ങളേക്കാള്‍ കടുത്ത രാഷ്ട്രീയം അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്‌ അത്‌ ഓര്‍മ്മിച്ചോ..”

അത്തരമൊരു ഓര്‍മപ്പെടുത്തല്‍ മുമ്പ് നടത്തിയ സ്ഥിതിക്ക് ഇദ്ദേഹത്തെക്കുറിച്ച വ്യക്തമായ ധാരണ മുഖ്യമന്ത്രിക്ക് മുന്നേ ഉണ്ടായിരുന്നെന്നര്‍ത്ഥം. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ കാലത്ത് ചുമത്തപ്പെട്ട തീവ്രവാദ കേസുകളേയും യു എ പി എ കേസുകളേയും വ്യക്തമായി പഠിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പുനഃപരിശോധന ആവശ്യമുള്ള കേസുകള്‍ അവയിലുണ്ടെങ്കില്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കണം.

ഇത്രയും പറഞ്ഞതില്‍ നിന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും വിയോജിക്കുന്നു എന്നര്‍ത്ഥമില്ല. തീവ്രവാദ ചിന്താഗതികള്‍ വളര്‍ത്തുവാന്‍ ശ്രമിക്കുന്നവര്‍ മുസ്‌ലിം സമുദായത്തിലുണ്ട്. അതില്‍ പണ്ഡിതന്മാരും പ്രഭാഷകരുണ്ട്. (ഈ ബ്ലോഗില്‍ തന്നെ പല തവണ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്). അവര്‍ക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകണമെങ്കില്‍ മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയോടെ തന്നെ നടത്തണം. ഈ ഒരു പോയിന്റില്‍ സെന്കുമാറിനോട്‌ യോജിപ്പുണ്ട്. എന്നാല്‍ സമുദായത്തിലെ ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ പോലും പിന്തുണ അവകാശപ്പെടാന്‍ സാധിക്കാത്ത അത്തരം തീവ്രചിന്താഗതിക്കാരെ ഈ സമുദായത്തിന്റെ മൊത്തം പ്രതീകമായി അവതരിപ്പിക്കരുത്. അത് ആ സമുദായത്തോട് മാത്രമല്ല, മത സൗഹാര്‍ദ്ദത്തിന് പേര് കേട്ട ഈ സംസ്‌ഥാനത്തിലെ മൊത്തം ജനങ്ങളേയും അപമാനിക്കുന്നതിനു അപഹസിക്കുന്നതിനും തുല്യമാണ്.

Top