തൊടുപുഴ: നാട്ടുകാരെ ഞെട്ടിച്ച വണ്ണപ്പുറം കൂട്ടക്കൊലപാതകത്തില്‍ മൂന്നിലേറപ്പേര്‍ ഇടപെട്ടിട്ടുണ്ട്ന്ന് സൂചന. തലയ്‌ക്കേറ്റ മുറിവാണ് മരണ കാരണം. പ്രൊഫഷണല്‍ കൊലയാളികളല്ല കൊലനടത്തിയതെന്ന്ാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട കൃഷ്ണന്റെയും ഭാര്യയുടെയും രണ്ടു മക്കളുടെയും തലയിലും കഴുത്തിലും ചുറ്റികകൊണ്ട് അടിച്ചതിനു പുറമേ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് പലയാവര്‍ത്തി വെട്ടി.
കൊല്ലപ്പെടുമെന്നു കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. തലയിലെ മുറിവുകളിലൂടെ രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി കേസന്വേഷണ ചുമതലയുള്ള തൊടുപുഴ ഡിവൈ.എസ്.പി: കെ.പി ജോസ് വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമാണ്. കൂടുതല്‍ വ്യക്തതയ്ക്കായി ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കു പരിശോധനയ്ക്ക് അയയ്ക്കും. പുരയിടത്തില്‍നിന്നു കണ്ടെടുത്ത കഠാരയും ചുറ്റികയും ഉപയോഗിച്ചാണു കൃത്യം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൃഷ്ണന്റെ മകള്‍ ആര്‍ഷയുടെ മൃതദേഹത്തില്‍ മൂന്നു കൈവിരലുകള്‍ അറ്റനിലയിലായിരുന്നു. മല്‍പ്പിടിത്തം നടന്നതിന്റെ തെളിവാണിത്. മകന്‍ അര്‍ജുന്റെ തലയില്‍ 17 വെട്ടേറ്റു.
വയറ്റില്‍ കത്തികൊണ്ടു കുത്തുകയും ചെയ്തു. കൃഷ്ണന്റെ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട തര്‍ക്കമാണോ അതോ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്കു കാരണമായതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതര സംസ്ഥാന ബന്ധവും പരിശോധിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. ദുര്‍മന്ത്രവാദം നടത്തിയിരുന്ന കൃഷ്ണന്‍ മറ്റു ദുര്‍മന്ത്രവാദികളുമായും ഉന്നതരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി മൊെബെല്‍ ഫോണ്‍ രേഖകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.
കൃഷ്ണനെ സമീപിച്ചിരുന്ന 15 വ്യക്തികളുടെ പട്ടിക ഇന്നലെ രാത്രി പോലീസ് തയാറാക്കി. അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. മന്ത്രവാദത്തിനായി സമീപിച്ചിരുന്നവരില്‍നിന്ന് അര ലക്ഷം വരെ കൃഷ്ണന്‍ വാങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍, മന്ത്രവാദം ഫലിക്കാതെ പോയതിന്റെ പേരില്‍ നടന്ന കൊലയാണോ എന്നും സംശയിക്കപ്പെടുന്നു. ക്വട്ടേഷന്‍ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. 40 പേരില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു.
സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യണമെന്ന് സഹോദരന്‍ യജ്ഞേശ്വരന്. താടിയുള്ള ഈ യുവാവ് ബൈക്കിലെത്തി കൃഷ്ണനെ പതിവായി കൂട്ടിക്കൊണ്ടുപോകുമായിരുന്നു; കൊലയ്ക്ക് ശേഷം ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ പറഞ്ഞു
അതേസമയം കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെ അല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തില്‍ വീട്ടില് അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്പി കെ.ബി വേണുഗോപാല്‍ പറഞ്ഞു. ഇതോടെ കൊലപാതകം മോഷണശ്രമമാണെന്ന ബന്ധുക്കളുടെ വാദം പൊളിയുകയാണ്. അന്വേഷണം കുടുംബവുമായി അടുത്ത പരിചയമുള്ളവരിലേക്കാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.