ലോകത്ത് ഇതാദ്യമായി മേഘാലയയില്‍ ഗവേഷകര്‍ കണ്ടെത്തിയ മത്സ്യത്തിന്‍റെ പ്രത്യേകത ഇതാണ്

മേഘാലയ : അത്യപൂര്‍വ വിഭാഗത്തില്‍പ്പെട്ട അന്ധ മത്സ്യത്തെ മേഘാലയയില്‍ കണ്ടെത്തി. ഈസ്റ്റ് ജെയിന്‍ഷ്യ ഹില്‍സിലെ ഒരു ഗുഹയില്‍ നിന്നാണ് കണ്ണില്ലാത്ത മത്സ്യത്തെ ഗവേഷകര്‍ കണ്ടെത്തിയത്.ന്യൂസിലാന്‍ഡ് ആസ്ഥാനമായ ശാസ്ത്രമാസികയാണ് ഈ വിവരം പുറത്തുവിട്ടത്. കാഴ്ചയില്ലാത്ത ഈ മത്സ്യം വെള്ളത്തില്‍ ഗുഹയിലെ ഇരുട്ടിലാണ് കഴിയുന്നത്. നിറക്കൂടുതലില്ലെന്നതും മീനിന്റെ പ്രത്യേകതയാണ്. കടല്‍ നിരപ്പില്‍ നിന്ന് 880 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറക്കെട്ടിനുള്ളില്‍ നിന്നാണ് ഈ മത്സ്യത്തെ കണ്ടെത്തുന്നത്. അതേസമയം ഈ മത്സ്യത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷണങ്ങളിലൂടെ ഇവയുടെ പ്രത്യേകതകളും അപൂര്‍വതകളും സ്ഥാപിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായതെന്നും ഗുവാഹതി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത്രമേല്‍ പ്രത്യേകതയുള്ള കണ്ണില്ലാത്ത മത്സ്യം ലോകത്ത് ഒരിടത്തുമില്ലെന്ന് ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തതെന്ന് ഗവേഷകനായ ഖ്‌ളുര്‍ മുഖിം അറിയിച്ചു. സ്‌കിസ്തുര ലാര്‍കെടെന്‍സിസ് എന്നാണ് മീനിന് നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം. പ്രസ്തുത ഗുഹ സ്ഥിതിചെയ്യുന്ന ലാര്‍കറ്റ് എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് മത്സ്യത്തിന്റെ പേര് നിര്‍ണ്ണയിച്ചത്.

Top