എരുമേലി: വാവര് പള്ളിയില്‍ സ്ത്രീകളെ കയറ്റിയില്ലെന്നുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്ന് മഹല്ല് കമ്മറ്റി. ശബരിമല യുവതീപ്രവേശനത്തിന് മുമ്പോ ശേഷമോ വാവര് പള്ളിയില്‍ യാതൊരു നിയന്ത്രണങ്ങളും വരുത്തിയിട്ടില്ല. ഇവിടെ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് ഒരു നിയന്ത്രണവുമില്ല. ശബരിമല യുവതി പ്രവേശന വിധി വരുന്നതിന് മുമ്പ് സ്ത്രീകള്‍ പള്ളിയില്‍ എത്താറുണ്ടായിരുന്നെന്നും മഹല്ല് പ്രസിഡണ്ട് അഡ്വ പിഎച്ച് ഷാജഹാന്‍ പറഞ്ഞു.
തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോയിരുന്നത് പള്ളി വലംവച്ചതിന് ശേഷമാണ്. വാവര് പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചുള്ള ആചാരാനുഷ്ടാനങ്ങള്‍ തുടരാമെന്നും ഷാജഹാന് വ്യക്തമാക്കി.
സുപ്രീംകോടതി വിധി വന്നതിനുശേഷം പള്ളിയില്‍ സ്ത്രീപ്രവേശനം അനുവദനീയമല്ലെന്ന തരത്തില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ വ്യാജപ്രചരണം നടത്തിയിരുന്നു. ഈ പ്രചരണങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് എരുമേലി വാവര് പള്ളി അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.