ശബരമലയിലേയ്ക്ക് ഭക്തജന പ്രവാഹം..!! വരുമാനം കുതിച്ചുയരുന്നു..!! സർക്കാരിൻ്റെ ഗ്രാഫും ഉയരുന്നു

യുവതി പ്രവേശനത്തെ സർക്കാർ തന്നെ എതിർക്കുന്ന അവസരത്തിൽ ശബരിമലയിലേയ്ക്ക് ഭക്തജന പ്രവാഹം. കഴിഞ്ഞ തവണത്തെക്കാൾ ഭക്തജനങ്ങൾ ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളുമായി മലചവിട്ടുകയാണ്. സ്വസ്തവും സുന്ദരവുമായ മണ്ഡലകാലമാണ് യുവതീ പ്രവേശനത്തെ എതിർത്ത സർക്കാർ ഒരുക്കിയിരിക്കുന്നത്.

അയ്യപ്പ പ്രവാഹത്തോടൊപ്പം ശബരിമലയിലെ വരുമാനത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.28 കോടിയുടെ അധിക വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. രാവിലെ ശരംകുത്തി വരെ ഭക്തരെ നിയന്ത്രിച്ച് നിറുത്തിയ ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടത്.

2018 സെപ്തംബർ 28ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ഉണ്ടായ പ്രശ്നങ്ങൾ തീർത്ഥാടകരുടെ വരവിനെ വലിയ തോതിൽ ബാധിച്ചിരുന്നു. കഴിഞ്ഞവർഷം ഭക്തരുടെ കുറവുമൂലം 1​​00 കോടിയോളം വരുമാനം കുറഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി അന്ന് പറഞ്ഞിരുന്നു.

ആദ്യ ദിനത്തെ വരുമാനം തുടർന്നുള്ള ദിവസങ്ങളിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. കഴിഞ്ഞ വർഷത്തെ നഷ്ടം ഇത്തവണ നികത്താൻ കഴിയുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ പുതിയ മേൽശാന്തി എം.കെ.സുധീർ നമ്പൂതിരി പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെമ്പർമാരായ എൻ.വിജയകുമാർ, കെ.എസ്. രവി, എക്‌സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ്, കമ്മിഷണർ എം. ഹർഷൻ തുടങ്ങിയവർ സന്നിധാനത്തുണ്ടായിരുന്നു.

ഉത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗം നടന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ചെറിയ വാഹനങ്ങൾ നിലയ്ക്കൽ നിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി പറഞ്ഞു. മാസപൂജാ സമയം ചെറിയ വാഹനങ്ങൾക്ക് പമ്പയിൽ എത്തി ആളെ ഇറക്കി മടങ്ങാൻ സൗകര്യം നൽകിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. പമ്പ നിലയ്ക്കൽ റൂട്ടിൽ പ്രായമായവർക്കും അംഗപരിമിതർക്കുമായി ബസ് സർവീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Top