ഇഷ്ടദേവന്റെ പേര് പറയാന്‍ പറ്റാത്ത ഗതികേട്: സുരേഷ് ഗോപി; പിണറായിക്ക് വേണ്ടി ദാസ്യപ്പണ്യചെയ്യുന്നുവെന്ന് ഗോപാലകൃഷ്ണന്‍; കളക്ടറുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ടുചോദിച്ച് സുരേഷ് ഗോപി മാതൃകാ പെരുമാറ്റം ചട്ടം ലംഘിച്ചെന്ന തൃശൂര്‍ ജില്ലാ കളക്ടറുടെ നിലപാടിനെതിരെ പ്രതിഷേധമുയരുന്നു. തൃശൂര്‍ ജില്ലാകളക്ടറുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമായാണ് ഉയരുന്നത്.

ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നോട്ടീസ് അയച്ചതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എന്‍എഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും രംഗത്തെത്തി.

താന്‍ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ഇഷ്ടദേവന്റെ പേര് പോലും ഉച്ചരിക്കാന്‍ സാധിക്കാത്തത് ഒരു ഭക്തനെ സംബന്ധിച്ച് എന്തൊരു ഗതിക്കേടാണെന്നും തൃശ്ശൂരില്‍ മാധ്യമങ്ങളെ കണ്ട സുരേഷ് ഗോപി പറഞ്ഞു. എന്തൊരു ജനാധിപത്യമാണിത്. ജനങ്ങള്‍ ഇതിനേയും കൈകാര്യം ചെയ്യും ഇതിനുള്ള മറുപടിയും അവര്‍ നല്‍കും. കളക്ടറുടെ നോട്ടീസ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് അതെല്ലാം പാര്‍ട്ടി നോക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിലാണ് ശബരിമല അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ടുചോദിച്ചത്.

ഇടതുമുന്നണി സംഘടിപ്പിച്ച വനിതാമതിലില്‍ പങ്കെടുത്ത അനുമപയുടെ ചിത്രമുള്‍പ്പെടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമായി രംഗത്തെത്തിയിരിക്കുന്നത്. ഇടതുമുന്നണിയിയെ പ്രീണിപ്പിക്കാനാണ് സുരേഷ്ഗോപിക്കെതിരെ ജില്ലാ വരാണാധികാരിയായ അനുപ രംഗത്തെത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. വനിതാമതിലില്‍ പങ്കെടുത്ത കലക്ടറാണ് അനുപമ, പ്രസംഗം കലക്ടര്‍ മനസ്സിലാക്കിയിട്ടില്ലന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസയച്ച സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസില്‍ ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേ സമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്നും താന്‍ ജോലി ചെയ്യുകമാത്രമാണ് ചെയ്തതെന്നും കളക്ടര്‍ പറഞ്ഞു.

Top