സര്‍ദാര്‍ കൃഷ്ണക്കുറുപ്പിന്റെ മകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയുടെ യഥാര്‍ഥ സ്വഭാവം അറിയുന്നതിനായി ഡ്രൈവറെ അമേരിക്കക്കാരന്റെ വേഷം കെട്ടിക്കുന്ന രസകരമായ സിനിമയാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു. അമേരിക്കക്കാരനായ ശ്രീനിവാസന്റെയും ഡ്രൈവറായ മോഹന്‍ ലാലിന്റെയും കഥാപാത്രങ്ങള്‍ ഓര്‍മയില്‍ തങ്ങി നില്ക്കുന്നു.
സമാനമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പുറംമോടി കണ്ട് വിവാഹത്തിന് തയ്യാറാകുന്ന ഒരു പെണ്‍കുട്ടിക്ക് പറ്റുന്ന അബദ്ധമാണ് ഈ വീഡിയോയില്‍. സ്യൂട്ടില്‍ എത്തിയ ഡ്രൈവറെ പണക്കാരനെന്ന് തെറ്റിദ്ധരിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്ന യുവതിയാണ് ഇതിലെ കഥാപാത്രം.
രസകരമായ വീഡിയോകള്‍ നിര്‍മ്മിക്കുന്ന ജോഷ് പാലര്‍ ലിന് ആണ് ഈ വിവാഹാലോചനയുടെ വീഡിയോയും നിര്‍മ്മിച്ചിട്ടുള്ളത്. ഒരു കഫേയില്‍ ഇരിക്കുന്ന യുവതിയുടെ അരികിലേക്ക് വളരെ സാധാരണ വസത്രമണിഞ്ഞ് ലിന് എത്തുന്നു. എന്നാല്‍, തനിക്കൊരു കാമുകനുണ്ടെന്ന് പറഞ്ഞ് യുവതി ഇയാളെ തള്ളിക്കയളയുന്നു.
അല്പസമയത്തിന് ശേഷം ഒരു വെളുത്ത മെഴ്സിഡസ് ബെന്‍സില്‍ സുമുഖനായ മറ്റൊരു ചെറുപ്പക്കാരന് സ്യൂട്ടണിഞ്ഞെത്തുന്നു. കോടികളുടെ കരാറുകളെക്കുറിച്ച് ഫോണില്‍ സംസാരിച്ചുകൊണ്ടെത്തുന്ന ഈ യുവാവിനെ കണ്ടതും യുവതിയുടെ മട്ടുമാറി. തന്നെ സമീപിക്കുന്ന പണക്കാരനൊപ്പം പോകാന്‍ യുവതി തയ്യാറെടുക്കുന്നതിനിടെ, ലിന് രംഗത്തെത്തുകയും തന്റെ സാധാരണ വേഷമഴിച്ച് സ്യൂട്ടിലേക്ക് മാറുകയും ചേയ്യുന്നു.
കാര്‍ താന്‍ കഴുകിയിട്ടുണ്ടെന്നും സ്യൂട്ട് വണ്ടിയില്‍നിന്ന് ലഭിച്ചതാണെന്നും പണക്കാരനായി യുവതി തെറ്റിദ്ധരിച്ച യുവാവ് ലിന്നിനോട് പറയുന്നു. ലിന് കാറിന്റെ താക്കോല്‍ വാങ്ങി മെഴ്സിഡസ് ഓടിച്ച് പോകുന്നതും അബദ്ധം പിണഞ്ഞ യുവതി ഞെട്ടിത്തരിച്ച് നില്‍ക്കുന്നതുമാണ് വീഡിയോ. പുറംമോടി കണ്ട് ഭ്രമിച്ച് വഞ്ചിതരാകുന്ന യുവതികള്‍ക്കുള്ള മുന്നറിയിപ്പെന്നോണമാണ് ലിന് ഈ വീഡിയോ നിര്‍മ്മിച്ചിട്ടുള്ളത്.