കോഴിക്കോട്: മുഖ്യമന്ത്രിയെയും സർക്കാറിനെയും പരോക്ഷമായി വിമർശിച്ച ഡി.ജി.പി ജേക്കബ് തോമസിനെതിരെ കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ മുഖപ്രസംഗം. ജേക്കബ് തോമസ് തന്‍റെ പദവി മറക്കുന്നതായി ‘പുകഞ്ഞ കൊള്ളി പുറത്തെറിയണം’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.ഡി.ജി.പിയുടെ പ്രവർത്തനം പ്രതിപക്ഷ നേതാവിനെ പോലെയാണ്. അച്ചടക്ക ലംഘനത്തിന് നോട്ടീസല്ല, മുക്കാലിയിൽ കെട്ടി ചാട്ടവാറടിയാണ് നൽകേണ്ടത്. പൊലീസിൽ ആശിച്ച പദവി ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രതികരണത്തിന് കാരണം. വിരമിക്കാറായപ്പോഴാണ് അഴിമതിക്കെതിരെ അദ്ദേഹം ഹരിശ്രീ കുറിച്ചത്. ജേക്കബ് തോമസിന് മനോരോഗമാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
വീക്ഷണത്തിലെ പൂര്‍ണ്ണരൂപം :
കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാകുന്നത് പോലെ തെരഞ്ഞെടുപ്പ് വര്‍ഷമായാല്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് സര്‍ക്കാര്‍ വിരുദ്ധജ്വരം വര്‍ധിക്കാറുണ്ട്.
സര്‍ക്കാര്‍ പദവിയിലിരുന്ന് സര്‍ക്കാരിനെ പുലഭ്യം പറയുന്ന ജേക്കബ് തോമസ് എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന് സര്‍ക്കാര്‍ വിരുദ്ധപനി തുടങ്ങിയിട്ടു കുറച്ചു നാളുകളായി. പൊലീസ് നിരയില്‍ ആശിച്ച പദവി കിട്ടാതായപ്പോഴാണ് ജേക്കബ് തോമസില്‍ അണ്ണാഹസാരെ പരകായ പ്രവേശം നടത്തിയത്.
ഇക്കാലമത്രയും പൊലീസ് ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ എല്ലാ ജീര്‍ണതകളിലും അഭിരമിച്ച ജേക്കബ് തോമസ് ഉദ്യോഗത്തോട് വിടപറയാറായപ്പോഴാണ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഹരിശ്രീ കുറിക്കുന്നത്. പരമാവധി പദവിയിലിരുന്ന് സര്‍ക്കാരിനെ ദ്രോഹിച്ചും അച്ചടക്ക ലംഘനം നടത്തിയും ശിക്ഷാ നടപടി ക്ഷണിച്ചു വരുത്തി രക്തസാക്ഷിത്വ പരിവേഷത്തോടെ പടിയിറങ്ങുകയെന്നതാണ് ഇയാളുടെ ലക്ഷ്യം. അത്തരം വീരപരിവേഷമുണ്ടായാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വം നല്‍കി അനുഗ്രഹിക്കുമെന്നുള്ള വലിയൊരു മോഹവും ഇദ്ദേഹത്തിന്റെ മനസ്സിലിരിപ്പുണ്ട്.
ഇപ്പോള്‍ പൊലീസ് വകുപ്പില്‍ ഡി ജി പിയുടെ പദവിയാണ് ജേക്കബ് തോമസ് വഹിക്കുന്നതെങ്കിലും പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെയാണ്. പ്രസംഗിക്കാനും പ്രസ്താവനയിറക്കാനും ഒരു സര്‍വീസ് ചട്ടവും ഇയാള്‍ക്ക് ബാധകമല്ല. താനൊഴികെ പൊലീസ് വകുപ്പിലെയും സിവില്‍ സര്‍വീസിലെയും മുഴുവന്‍ ഉദ്യോഗസ്ഥരും കളങ്കിതരാണെന്നാണ് ജേക്കബ് തോമസിന്റെ വിശ്വാസം. ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നവരല്ല; ചമ്പല്‍ക്കാട്ടില്‍ നിന്ന് ഇരച്ചുകയറി വന്നവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് ഇദ്ദേഹം ധരിച്ചിരിക്കുന്നത്.
താനൊഴികെ മറ്റുള്ളവരെല്ലാം രോഗബാധിതരാണെന്ന് കരുതുന്ന അസുഖത്തെയാണ് മനോരോഗം എന്ന് പറയുന്നത്. ഉദ്യോഗ പദവിയുടെ യൂണിഫോം അണിഞ്ഞു സര്‍ക്കാരിന്റെ നെഞ്ചത്തേക്ക് തോക്ക് ചൂണ്ടുന്ന പ്രകോപനത്തെ ചികിത്സിക്കേണ്ടത് ചീഫ് സെക്രട്ടറിയുടെ ഇണ്ടാസ് കൊണ്ടല്ല. ഊളന്‍പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ഷോക്കടിപ്പിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും അദ്ദേഹത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയും ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തുന്നു, ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും പരസ്യമായി പരിഹസിക്കുന്നു. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ 40 തവണയെങ്കിലും സര്‍ക്കാര്‍ വിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ക്ക് നിരക്കാത്തതുമായ നിരവധി പെരുമാറ്റങ്ങള്‍ ജേക്കബ് തോമസില്‍ നിന്നുണ്ടായി;
തനിക്ക് ഇഷ്ടമില്ലാത്ത അഗ്‌നിശമന സേനയുടെ തലപ്പത്ത് കൊണ്ടിരുത്തിയ നാള്‍ മുതല്‍ ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ പണി തുടങ്ങി. അഴിമതി തടയുന്നതിന് ആരും എതിരല്ല; പക്ഷെ, അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ചു ഫ്‌ളാറ്റ് നിര്‍മാണം പാടെ തടഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഫ്‌ളാറ്റ് നിര്‍മാണക്കാരുമായി ഗൂഢാലോചന നടത്തിയെന്ന് വരെ ആരോപിച്ചു. അഗ്‌നിശമന സേനയുടെ സേവനങ്ങളെക്കുറിച്ച് ജനവിരുദ്ധമായ ഉത്തരവുകളിറക്കി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.
അഗ്‌നിശമന സേനാ ഡി ജി പി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ അതിന്റെ പേരിലും സര്‍ക്കാരിനെ വെല്ലുവിളിച്ചു. സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം പലവട്ടം ലംഘിച്ച ഇയാളോട് വിശദീകരണം തേടിയ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും പരസ്യമായി വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാനുള്ള അനുമതി തേടിക്കൊണ്ടുള്ള ധിക്കാരത്തിന് വരെ ഇദ്ദേഹം മുതിര്‍ന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയും അച്ചടക്കലംഘനത്തിന്റെ പാരമ്യമാണ്.
ഒരു കീശയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രസ്താവനയും മറുകീശയില്‍ സെല്ലോടേപ്പുമായി നടക്കുന്ന ധിക്കാരിയായ ഈ പൊലീസ് ഉദ്യോഗസ്ഥനെ എന്തിന് വെച്ചുപൊറുപ്പിക്കണം. അച്ചടക്ക ലംഘനത്തിന് നാലു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മിണ്ടാതിരിക്കയല്ല വേണ്ടത്. ശിക്ഷാനടപടിയുടെ മുക്കാലിയില്‍ കെട്ടി 40 ചാട്ടയടി നല്‍കുകയാണ് വേണ്ടത്. അമ്മയെ തല്ലിയും ന്യൂസ്‌മേക്കറാവാന്‍ ശ്രമിക്കുന്ന ഇത്തരം യശസ്സ് മോഹികള്‍ പൊലീസ് വകുപ്പിന് അപമാനവും അപകടവുമാണ്. വളയമില്ലാതെ ചാടുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്‍ പെരുമാറ്റ ചട്ടങ്ങളുടെ വരുതിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ പുകഞ്ഞകൊള്ളിയായി പുറത്തേക്കെറിയുക തന്നെ വേണം.