പത്തനംതിട്ട: സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച വീണാജോര്‍ജ്ജിന്റെ വിജയാവകാശവാദം ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡ് എന്ന സഭാ വെബ്‌സൈറ്റില്‍ ഫാദര്‍ ഷെബലി എഴുതിയ ലേഖനത്തിലാണ് വീണയുടെ വിജയം സഭ അവകാശപ്പെടുന്നത്.
ആറന്‍മുളയിലെ വിജയം കക്ഷി രാഷ്ട്രീയം മറന്ന് സഭാദ്ധ്യക്ഷന്റെ ആഹ്വാനം ശ്രവിച്ച് പ്രവര്‍ത്തിച്ച പത്തനംതിട്ടയിലെ യുവജന പ്രസ്ഥാനത്തിന്റെ കൂട്ടായ്മയുടെ വിജയമാണെന്നും ലേഖനത്തില്‍ അവകാശപ്പെടുന്നു. വിജയിച്ച് പരുമല സെമിനാരിയിലെത്തി സഭാദ്ധ്യക്ഷന്‍മാരെ കാണുന്ന വീണയുടെ ചിത്രവും ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്ന സൈറ്റിലൂടെ പ്രചരിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ആഞ്ഞടിക്കാനും സഭാ മക്കളുടെ വോട്ടിനെ വീണയുടെ വിജയത്തിലെത്തിക്കാന്‍ സഭാ യുവജന പ്രസ്ഥാനത്തിനു സാധിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞത് സഭാ വിശ്വാസികള്‍ പരിശോധിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. ജോസഫ് എം പുതുശ്ശേരിയെ വിജയിപ്പിക്കാന്‍ കഴിയാഞ്ഞതും പരിശോധിക്കണമെന്നും മാര്‍ത്തോമ സഭക്കാരനായ പിജെ കുര്യന്റെ വെല്ലുവിളികളെ മറികടക്കാന്‍ സാധിച്ചില്ലെന്നും സഭാ പത്രം പറയുന്നു.
കോട്ടയത്ത് റെജി സക്കറിടെ തോല്‍വിയുടെ ആഴം പരിശോധിക്കുമ്പോള്‍ സഭക്കു മാത്രം വീഴ്ച പറ്റിയതാണെന്ന് പറയാനാവില്ല. ശോഭന ജോര്‍ജിനു കിട്ടിയ വോട്ടു കിട്ടാഞ്ഞതിലൂടെ ചെങ്ങന്നൂര്‍ മെത്രാപോലീത്തയുടെ വിശ്വാസനീയതക്കാണ് കളങ്കമേറ്റതെന്നും ലേഖനത്തില്‍ പറയുന്നു. സഭയുടെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചതെന്ന് വാദം വീണാജോര്‍ജ്ജ് തന്നെ നേരത്തെ തള്ളകളഞ്ഞിരുന്നു.