തിരുവനന്തപുരം: ഇന്ത്യയിൽ ഇനി കോണ്‍ഗ്രസിന് ഭാവിയില്ല. അവര്‍ അനാഥ പ്രേതങ്ങളെ പോലെ അലയുകയാണ്. കേരളത്തിൽ ഇനിയും ഇടതു സർക്കാർ ഭരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. ഇന്ന് കേരളം ഭരിക്കേണ്ട കരുത്തനായ നേതാവ് തന്നെയാണ് അദ്ദേഹം. അദ്ദേഹം ഭരിക്കട്ടെ. അതിദരിദ്രരെ കണ്ടെത്തി അവരെ ഉന്നതിയിലേക്ക് എത്തിക്കാനാണ് ഇടത് സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്. ഈ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോ എന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു . ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തി എന്നൊക്കെ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക എന്നും വെള്ളാപ്പള്ളി ചോദിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
അതേസമയം ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയോഗിച്ചതിന് ശേഷം മാറ്റിയ നടപടിയെ വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിയമിച്ച ശേഷം മാറ്റിയത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുക. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. അതിലും നല്ലത് ശ്രീറാം വെങ്കിട്ടരാമനെ നേരത്തെ കളക്ടറായി നിയമിക്കാതിരിക്കുന്നതായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാന സമിതി കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ രാജി വെച്ചതിനെ കുറിച്ചും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. പുന്നല ശ്രീകുമാറിന് തിരക്കുകള്‍ കാരണമാണ് രാജി വെക്കേണ്ടി വന്നത് എന്നും മുഖ്യമന്ത്രിയെ അറിയിച്ചതിന് ശേഷമായിരുന്നു രാജി എന്നും വെള്ളാപ്പള്ളി പറഞ്ഞു. പുന്നല ശ്രീകുമാര്‍ സമിയില്‍ അംഗമായി പ്രവര്‍ത്തിക്കും. കേരളത്തില്‍ പണ്ടത്തേക്കാളും വര്‍ഗീയത വര്‍ധിച്ചിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണം ശക്തമായി നടക്കുന്നു. ശബരിമലയില്‍ സമരം നടത്തിയത് ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് വെള്ളാപ്പള്ളി ചോദിച്ചു. മൂന്ന് തമ്പുരാക്കന്മാര്‍ക്ക് വേണ്ടിയായിരുന്നു സമരമെന്നും അവര്‍ ആരൊക്കെയെന്ന് താന്‍ ഇനി പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.