മുംബൈ: സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇയാളെ പിടികൂടണമെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ സാക്കിര്‍ തന്നെ പ്രതികരിക്കുന്നു. ഇസ്‌ളാം മതം കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നാണ് സാക്കിര്‍ പറയുന്നത്. ചാവേര്‍ ആക്രമണങ്ങള്‍ ഹറാമാണ്. എല്ലാ മതതീവ്രവാദങ്ങളെയും അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ സാക്കിര്‍ നായിക്ക് അപലപിച്ചു. ആവശ്യമെങ്കില്‍ മണിക്കൂറുകളോളം സംസാരിക്കാന്‍ തയാറാണെന്നും പറഞ്ഞു. ന്റെ പ്രഭാഷണങ്ങള്‍ സമാധാനത്തിന് വേണ്ടിയാണ്. സമാധാനത്തിന്റെ സന്ദേശവാഹകനാണ് ഞാന്‍. രാജ്യത്തെ രക്ഷിക്കാന്‍ ജീവന്‍ നല്‍കുന്നതില്‍ തെറ്റില്ല. തനിക്കുള്ള ജനപ്രീതി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. നിഷ്‌കളങ്കരായ മുസ്‌ലിങ്ങളെ വഴിതെറ്റിക്കുന്നവരെ ശിക്ഷിക്കണം. ഇന്ത്യന്‍ അധികൃതരുമായോ പൊലീസുമായോ യാതൊരു പ്രശ്‌നവും ഇല്ല. സര്‍ക്കാര്‍ ഇതുവരെ ഒരു കാര്യവും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സാക്കിര്‍ പറഞ്ഞു.
സൗദി അറേബ്യയില്‍ കഴിയുന്ന അദ്ദേഹം സ്‌കൈപ് വഴിയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. ദക്ഷിണ മുംബൈയിലെ ഒരു ഹാളിലാണ് സമ്മളനം ഒരുക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും വേദി അനുവദിക്കാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു.
ധാക്ക ഭീകരാക്രമണത്തിനും ഐഎസില്‍ ചേരാന്‍ ശ്രമിച്ചെന്നു സംശയിക്കപ്പെടുന്ന മലയാളികളടക്കമുള്ളവര്‍ക്കും സാക്കിറിന്റെ പ്രസംഗങ്ങള്‍ പ്രേരകമായെന്നാണ് ആരോപണം. വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു വാര്‍ത്താസമ്മേളനം. നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക സ്രോതസുകളും ദേശീയ അന്വേഷണസംഘവും മുംബൈ പൊലീസും പരിശോധിച്ചുവരികയാണ്.