പ്രതിമ നിര്‍മ്മിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിര്; അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ മുസ്ലീം സംഘടന

apj-abdul-kalam

ചെന്നൈ: ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം. എന്നാല്‍, മരിച്ചിട്ടും അദ്ദേഹത്തോട് പലരും അനാദരവ് കാണിക്കുകയാണ്. അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെയും മുസ്ലീം സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

കലാമിന്റെ ജന്മനാടായ രാമേശ്വരത്തിന് സമീപം രാമനാഥപുരത്ത് പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയാണ് രാമനാഥപുരം ജില്ല ജമാഅത്തുള്‍ ഉലമ കൗണ്‍സില്‍ എതിര്‍ത്തത്. ജൂലൈ 27ന് കലാമിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രതിമ സ്ഥാപിക്കാനായി ജില്ലാ ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് എതിര്‍പ്പുമായ് മത സംഘടന രംഗത്തു വന്നിരിക്കുന്നത്.

പ്രതിമ നിര്‍മ്മിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സിലിന്റെ എതിര്‍പ്പ്. വിഗ്രഹാരാധനയും വ്യക്തി പൂജയും ഇസ്ലാം മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പ്രതിമ നിര്‍മ്മാണത്തെ അനുകൂലിക്കില്ലെന്നും കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചു. കലാമിന്റെ കുടുംബാംഗങ്ങളെയും കൗണ്‍സില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.

കലാമിന്റെ ആശയങ്ങളെ അംഗീകരിക്കുകയും അദ്ദേഹം സ്വപ്നം കണ്ട വികസിത ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കുകയുമാണ് കലാമിന് ആദരം നല്‍കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമെന്നും കൈണ്‍സില്‍ അഭിപ്രായപ്പെടുന്നു. കലാമിന്റെ പേരില്‍ ഓഡിറ്റോറിയമോ വിജ്ഞാന കേന്ദ്രമോ, അദ്ദേഹത്തിന്റെ ജീവചരിത്രം വിവരിക്കുന്ന മ്യൂസിയമോ നിര്‍മ്മിക്കുന്നതില്‍ തെറ്റില്ലെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനവുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോവുകയാണെങ്കില്‍ എതിര്‍ക്കില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top