തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴടക്കമാണ് പതിനഞ്ച് ലക്ഷത്തോളം രൂപ കടമായി നൽകിയതെന്ന് കോൺഗ്രസ് വനിത നേതാവിനെതിരെ സാന്പത്തിക തട്ടിപ്പിന് പരാതി നൽകിയ വിദേശമലയാളി.
അഭിഭാഷക കൂടിയായ വിബിത ബാബുവിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും വിബിതയും താനും തമ്മിൽ സ്ഥിരമായി ഫോണിൽ സംസാരിച്ചുള്ള ബന്ധമാണെന്നും പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ പുറത്താണ് പണം നൽകിയതെന്നും പരാതിക്കാരനായ മാത്യു സെബാസ്റ്റ്യൻ പറഞ്ഞു. 15 ലക്ഷത്തോളം രൂപയാണ് പല തവണയായി നൽകിയത്.
വിബിത തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോഴും പണം നൽകി. ആ സമയത്ത് ബന്ധുവിന്റെയും സുഹൃത്തിന്റെയും പേരിലാണ് പണം നൽകിയത്.
വിബിതയുടെ പേരിലും അമേരിക്കയിൽ നിന്ന് പലപ്പോഴായി പണമയച്ചു. നേരിൽ കണ്ടിട്ടില്ലെങ്കിലും സുഹൃത്ത് എന്ന നിലയിലാണ് പണം നൽകിയത്. വിബിതയുമായി നടത്തിയ ചാറ്റുകൾ ഇതിന് തെളിവെന്നും പരാതിക്കാരൻ വിശദീകരിച്ചു.
പൊലീസിൽ പരാതിപ്പെട്ടശേഷം തന്നെ കുടുക്കാൻ വിബിത ശ്രമിക്കുകയാണെന്നും മാത്യു സെബാസ്റ്റ്യൻ ആരോപിച്ചു. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ കഴിഞ്ഞ ദിവസമാണ് അമേരിക്കൻ മലയാളി കേസ് നൽകിയത്.
കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യന്റെ കൈയ്യിൽ നിന്ന് വാങ്ങിയ 15 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നാണ് പരാതി. അമേരിക്കയിൽ താമസമാക്കിയ മാത്യു സെബാസ്റ്റ്യന്റെ കൈയ്യിൽ നിന്ന് 2020 മാർച്ച് പത്തൊന്പത് മുതൽ 2020 നവംബർ 10 വരെയുളള കാലയളിവിൽ പല തവണയായി വെസ്റ്റേൺ യൂണിയൻ മണി ട്രാൻസഫർ വഴിയും മണി ഗ്രാം വഴിയുമാണ് വിബിത ബാബു പണം കൈപ്പറ്റിയെന്നാണ് എഫ്ഐആറിലുള്ളത്.
വിബിത ബാബുവിന്റെയും അച്ഛൻ ബാബു തോമസിന്റേയും ഒരു സുഹൃത്തിന്റേയും അക്കൗണ്ടുകളിലേക്കായി പതിനാല് ലക്ഷത്തി പതിനാറായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിനാല് രൂപയാണ് കൈമാറിയിരിക്കുന്നത്. പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറാവതെ വന്നതോടെയാണ് മാത്യു സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വിബിത ബാബുവിനേയും അച്ഛൻ ബാബു തോമസിനേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 408, 420 വകുപ്പുകളാണ് ചുമത്തിയിരിക്കുന്ന്. മാത്യു സെബാസ്റ്റ്യന്റെ എറണാകുളത്തെ ഒരു ഭൂമി ഇടപാട് കേസിലെ അഭിഭാഷകയായിരുന്നു വിബിത ബാബു. ഈ പരിചയം വച്ചാണ് പണം നൽകിയതെന്നാണ് പരാതിക്കാരൻ പറയുന്നത്.
എന്നാൽ ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയാണ് വിബിത ബാബു. പരാതിക്കാരന്റെ ഭൂമിയിടപാട് കേസിൽ ഹാജരായതിന്റെ പ്രതിഫലം ഇനത്തിലും മറ്റ് ചില ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാത്യു സെബാസ്റ്റ്യൻ സ്വയം നൽകിയ പണവുമാണെന്നാണ് വിബിതയുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.