കോഴിക്കോട്: സിപിഎം പ്രവര്‍ത്തകര്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയെ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണം വെറും വ്യാജമെന്ന് റിപ്പോര്‍ട്ട്. വെറും കെട്ടിച്ചമച്ച വാര്‍ത്തയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെ കെ രമയുടേത് വ്യാജ ആരോപണമാണെന്ന് തെളിയിക്കുന്ന വീഡിയോയും പുറത്തുവിട്ടു.
വടകര മണ്ഡലത്തില്‍ വോട്ടുതേടുന്നതിനിടെ ആക്രമിക്കപ്പെട്ടുവെന്നാണ് പറഞ്ഞിരുന്നത്. വടകര നാരായണ നഗരത്തിനടുത്ത് ഒരു വീട്ടില്‍ വോട്ടു ചോദിക്കാനെത്തിയപ്പോള്‍ തന്നെ സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് കെകെ രമ പറഞ്ഞത്. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ ആരോപിച്ചു.
എന്നാല്‍, രമയുടെ കൂടെ എത്തിയ ചില യുവാക്കളും വീട്ടിലുണ്ടായിരുന്നവരും തമ്മില്‍ ഉന്തും തള്ളും നടക്കുന്നതും രമ ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ചുമാറ്റുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
വീഡിയോയില്‍ രമ ചിരിക്കുന്നതും കാണാമായിരുന്നു. സംഭവം കഴിഞ്ഞ് തിരിച്ചുപോയതിനുശേഷം സംസ്ഥനത്തെ ചില യുഡിഎഫ് നേതാക്കളാണ് രമയോട് ആശുപത്രിയില്‍ ചികിത്സതേടി വാര്‍ത്തയാക്കാന്‍ ഉപദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന സംഭവമായതിനാല്‍ മാതൃഭൂമിയും മനോരമയും രമയെ അക്രമിച്ചെന്നുകാട്ടി ഒന്നാം പേജില്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തു.