
കൊച്ചി:വിമെൻ ഇൻ സിനിമ കളക്ടീവിന്റെ തുടക്കകാലം മുതലുള്ള പ്രവർത്തകയായ സംവിധായക വിധു വിൻസെന്റ് അഭിപ്രായ ഭിന്നതകളുടെ പേരിൽ അടുത്തിടെയാണ് സംഘടന വിട്ടത്. ഫേസ്ബുക് കുറിപ്പിലൂടെ രാജിക്കാര്യം അറിയിക്കുകയായിരുന്നു. എന്നാൽ രാജിവച്ച ശേഷം തനിക്കെതിരെ നുണ പ്രചാരണം നടക്കുകയാണെന്നു കാട്ടി നേരിട്ട രസകരമല്ലാത്ത അനുഭവങ്ങൾ വിവരിച്ചുള്ള രാജിക്കത്തും വിധു പോസ്റ്റ് ചെയ്യുന്നു. കാരണം എന്തെന്ന് അറിഞ്ഞിരുന്നില്ലെങ്കിൽ പോലും വിധു സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്പ് എന്ന തൻ്റെ ചിത്രം ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ചതുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു എന്ന മട്ടിൽ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിൽ വിധു ഇപ്പോൾ വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.
സ്റ്റാൻഡ് അപ്പിൻ്റെ തിരക്കഥ പാർവതിക്ക് വായിക്കാൻ കൊടുത്ത് കാത്തിരുന്നിട്ടും അവർ ആറ് മാസത്തോളം അഭിപ്രായമൊന്നും പറഞ്ഞില്ലെന്ന് വിധു തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. സിനിമക്ക് നിർമാതാവിനെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി ഒടുവിലാണ് ആൻ്റോ ജോസഫും ബി ഉണ്ണികൃഷണനും സിനിമയുടെ ഭാഗമാവുന്നത്. താനറിയുന്ന ഉണ്ണികൃഷണൻ ഒരു കൊലപാതകിയോ അക്രമിയോ അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലിടപെട്ടതിൻ്റെ പേരിൽ കോടതി കയറേണ്ടി വരികയോ ചെയ്ത ആളല്ല. ഉണ്ണികൃഷ്ണന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെ ഇഴ കീറി പരിശോധിച്ചതിന് ശേഷമേ അദ്ദേഹത്തോടൊപ്പം തൊഴിൽ എടുക്കാൻ പാടുള്ളൂ എന്ന തിട്ടൂരം ഇറക്കുന്ന അന്തപുരവാസികളോട് സംവാദം സാധ്യമല്ല എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു എന്നും വിധു കുറിച്ചു. ദിലീപിനെ ജയിലിൽ പോയി പലതവണ സന്ദർശിച്ച സിദ്ദിക്കിനൊപ്പം ഉയരെയിൽ പാർവതി അഭിനയിച്ചതിനെപ്പറ്റി ഡബ്ല്യുസിസി വിശദീകരണം ചോദിച്ചിരുന്നോ എന്നും വിധു ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:
സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങളും വിഷയങ്ങളുമൊക്കെ സംഘടനക്കുള്ളിലാണ് പറയേണ്ടതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. അതു കൊണ്ട് തന്നെയാണ് WCC യുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ എനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും അത് സംഘടനക്കകത്തെ വിഷയം എന്ന നിലപാട് സ്വീകരിച്ചു കൊണ്ട് പൊതുവേദികളിലും മാധ്യമങ്ങളിലും സംഘടനയുടെ ശബ്ദമായി മാറിയത്. ആശയപരമായും പ്രവർത്തനപരമായും ചേർന്നു പോകാൻ കഴിയില്ല എന്നു തോന്നിയ സന്ദർഭങ്ങളിൽ പോലും വിശാലമായ ഒരു രാഷ്ട്രീയ അജണ്ടയുടെ അടിത്തറയിലാണ് ഞങ്ങൾ നില്ക്കുന്നതെന്ന വസ്തുതയാണ് മുന്നോട്ട് പോകാൻ എന്നെ സഹായിച്ചിരുന്നത്. സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടി കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഒരു താങ്ങായി നിന്ന കൊണ്ട് സ്ത്രീകൾക്ക് അന്തസ്സോടെ തൊഴിൽ ചെയ്യാൻ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു എൻ്റെ അറിവിൽ WCC യുടെ പ്രധാന താല്പര്യം. വിയോജിപ്പുകൾ ഉള്ളപ്പോഴും അത് പൊതുവിടത്തിൽ ചർച്ചക്ക് വക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നതും മേല്പറഞ്ഞ താല്പര്യത്തിന് അത് വിഘാതമായേക്കും എന്നോർത്തിട്ടാണ്. പക്ഷേ പുതിയൊരു സാഹചര്യത്തിൽ ഞാൻ സംഘടനാ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു ശേഷവും അപവാദ പ്രചരണങ്ങൾ നടത്തിയും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ടും എന്നെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്ന സാഹചര്യത്തിലാണ് ഞാൻ താഴെ കൊടുത്തിരിക്കുന്ന രാജിക്കത്ത് പരസ്യപ്പെടുത്താൻ തീരുമാനിച്ചത്. WCC യിലെ ചിലരെങ്കിലും നടത്തുന്ന ഈ നുണപ്രചരണങ്ങൾ കൂടുതൽ പേരെ ബാധിക്കാനിടയാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞതുകൊണ്ട് കൂടിയാണ് ഒരാഴ്ച മുമ്പ് WCC ക്ക് അയച്ച ഈ കത്ത് ഇവിടെ വെളിപ്പെടുത്തുന്നത്.