വിദ്യ ആമി ചെയ്യാത്തത് നന്നായി… പടത്തില്‍ സെക്ഷ്വാലിറ്റി കടന്നു കൂടിയേനേ… എന്ന് സംവിധായകന്‍ കമല്‍ പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. തന്റെ വാക്കുകളെ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കിയതെന്ന് കമല്‍ വിശദീകരിച്ചെങ്കിലും അതൊന്നും വിമര്‍ശനങ്ങളുടെ മൂര്‍ച്ഛ കുറച്ചില്ല. പക്ഷേ ഈ വിവാദത്തോട് ബോളിവുഡിലെ സൂപ്പര്‍ താരം വിദ്യാ ബാലന്‍ പ്രതികരിച്ചിരുന്നില്ല. ഇനി എന്തായാലും മലയാളത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയാണ് വിദ്യാബാലന്‍. ഇതിനൊപ്പം ചിലത് പറയുകയും ചെയ്യുന്നു. കമലിന്റെ പ്രതികരണത്തിന് ഒരു കമന്റ് പോലും അര്‍ഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്. ഇതലധികം ഇതേക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നര വര്‍ഷം മുമ്പ് ഞാന്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്കമലുയര്‍ത്തിയ വിവാദത്തോട് ഇത്രമാത്രമേ വിദ്യാ ബാലന് പ്രതികരിക്കാനുള്ളൂ.
കമല്‍ സാറിന്റെ മലയാളം പടത്തിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. ആ പടം നടന്നില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഞാന്‍ ഒരു പാട് പടങ്ങളില്‍ ഒഴിവാക്കപ്പെട്ടു. രാശിയില്ലാത്തവള്‍ എന്ന പേരും വീണു. ആ സങ്കടം മാറിക്കിട്ടാന്‍ സമയം എടുത്തു. വീണ്ടുമൊരു മലയാളം പടം ചെയ്യാന്‍ സമയമായി എന്ന് എനിക്ക് തോന്നി തുടങ്ങിയിരുന്നു. അപ്പോഴാണ് കമല്‍ സാര്‍ മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാന്‍ എന്നെ ക്ഷണിക്കുന്നത്. ഞാന്‍ ചെയ്യുമെങഅകില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കമലാദാസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് അല്ലാതെ അധികമൊന്നും അവരെ കുറിച്ച് എനിക്ക് അറിയില്ല. അവരെ കുറിച്ച് വായിച്ചും അവരുമായി അടുപ്പമുള്ളവരോട് സംസാരിച്ചും ഞാന്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണ് അവര്‍ എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ എന്റെ അടുത്ത മലയാളം പടവും കമല്‍ സാറിന്റെ കൂടെയാവട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു.
പിന്നെ എന്താണ് അവസാന നിമിഷം വേണ്ടെന്ന് വച്ചത് എന്ന ചോദ്യത്തോട് നടിയുടെ പ്രതികരണം ഇങ്ങനെ:
കഴിഞ്ഞത് കഴിഞ്ഞു. ഇനി അതു പറഞ്ഞിട്ട് കാര്യമില്ലല്ലോ. പടം വേണ്ടെന്ന് വെച്ചതിന് ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റുന്ന ഉത്തരമല്ല എനിക്കുള്ളത്. ഞാന്‍ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. കമലാദാസിനെ കുറിച്ച് കുറച്ചൊന്ന് മനസ്സിലാക്കിയപ്പോഴേക്കും അവര്‍ എത്രത്തോളം ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു. അത്രയും ശക്തമായ വ്യക്തിത്വമുള്ള ഒരാളെ അഭിനയിക്കണമെങ്കില്‍ എനിക്കും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അവരെക്കുറിച്ച് വളരെ ഗാഢമായി അറിയണം.
ഇവിടെ എന്റെയും കമല്‍ സാറിന്റെയും വീക്ഷണങ്ങള്‍ രണ്ടായിപ്പോയി. ഞാനഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടെ ഒരുപാട് സമയം ചിലവഴിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെ ചെയ്യുന്ന പടത്തെ കുറിച്ചുള്ള സംവിധായകന്റെ വീക്ഷണം എന്താണെന്നതും ശരിക്കറിഞ്ഞേ പറ്റു. പക്ഷേ ഇതൊന്നും ഞാനുദ്ദേശിച്ച മാതിരി നടന്നില്ല. ക്രിയേറ്റിവ് ഡിഫറന്‍സ്’ എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ പടത്തില്‍ നിന്നും പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാന്‍ എനിക്കാവില്ല. അതിനുള്ള സഹകരണം എനിക്കു കിട്ടിയതുമില്ല. മീഡിയയില്‍ പോയി ഇതൊക്കെ വിളിച്ചു പറഞ്ഞിട്ടുള്ള പബ്ലിസിറ്റി എനിക്ക് ആവശ്യമില്ല.
ആമിയിലെ നായിക മഞ്ജുവാര്യരെ കുറിച്ച് വിദ്യാബാലന്റെ പ്രതികരണം ഇങ്ങനെയാണ്. മഞ്ജു നല്ല നടിയാണ്. ഭാഷ പ്രശ്‌നമല്ലാത്തതും അവരെ സംബന്ധിച്ച് ഒരു അഡ്വാന്റേജ് ആണ്. എഴുത്തുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ ഭാഷയില്‍ ഒരു വൈദഗ്ധ്യം വേണ്ടെ?വിദ്യാബാലന്‍ ചോദിക്കുന്നു.