ആദ്യം നിങ്ങള്‍ മാറിടം മറയ്ക്കണം: വിദ്യാബാലന്റെ ഫോട്ടോയില്‍ സൈബര്‍ ആക്രമണം; ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലാണ് പ്രകടനം

പ്രശസ്ത നടി വിദ്യാബാലന്‍ പുതുതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ കപട സദാചാരവാദികളുടെ ആക്രമണം. തന്റെ മാറിടത്തിലെ വിടവ് കാണുന്ന രീതിയില്‍ എടുത്ത ചിത്രത്തിന് നേരെയാണ് സൈബര്‍ ആങ്ങളമാരുടെ സദാചാര ശിക്ഷണം. ദാബൂ രത്നാനിയുടെ 2018 ലെ കലണ്ടറിനായി എടുത്ത ഫോട്ടോയായിരുന്നു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.

എന്നാല്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന് പിന്നാലെ വിദ്യയ്ക്കെതിരെ പരിഹാസവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു ചിലര്‍. നേരത്തെ തന്റെ ദേഹത്തേക്ക് തുറിച്ച നോക്കിയ ആര്‍മി ജവാനെ കുറിച്ച് വിദ്യ പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റുകള്‍.

സിനിമയിലെ തുടക്കകാലത്ത് മുംബൈയിലെ വി.ടി സ്റ്റേഷനില്‍വെച്ച് ഒരു ആര്‍മി ജവാന്‍ തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും വിദ്യ ഒരഭിമുഖത്തിനിടെ പറഞ്ഞിരുന്നു. തന്റെ മാറിടത്തിലേക്ക് അയാള്‍ തുറിച്ചുനോക്കിയെന്നും ആ അനുഭവം തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും വിദ്യ പറഞ്ഞിരുന്നു. ഈ രാജ്യത്തെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് താന്‍ അന്ന് താക്കീത് ചെയ്തിരുന്നതായും വിദ്യ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു വിദ്യയുടെ പുതിയ ഫോട്ടോയ്ക്കെതിരെയുള്ള ചിലരുടെ പരിഹാസം. ഇത്തരത്തിലുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ഷെയര്‍ ചെയ്ത് ജനങ്ങളെ കാണിക്കുകയും ചെയ്യുന്ന നിങ്ങളാണോ ആര്‍മി ജവാന്‍ തുറിച്ചുനോക്കി എന്ന് പരാതിപ്പെടുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് അത് നോക്കരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ചോദിക്കുകയായിരുന്നു.

ആദ്യം നിങ്ങള്‍ നിങ്ങളുടെ മാറിടം മറയ്ക്കണം. അല്ലെങ്കില്‍ വല്ല പൊലീസോ സൈനികനോ നോക്കിയേക്കുമെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. അതേസമയം വിദ്യ ഷെയര്‍ ചെയ്ത ഫോട്ടോയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വളരെ മനോഹരമായ ഫോട്ടോയാണെന്നും ഇത്തരം പരിഹാസങ്ങള്‍ മറുപടി അര്‍ഹിക്കില്ലെന്നുമായിരുന്നു ചിലരുടെ കമന്റ്. തുറിച്ച് നോട്ടം എന്നത് ആണുങ്ങള്‍ക്ക് നേരെ ഉണ്ടായാല്‍ അവര്‍ക്കുപോലും സഹിക്കാനാകുന്ന പരിപാടിയല്ലെന്നും ചിലര്‍ നിരീക്ഷിക്കുന്നു.

വിദ്യാബാലന്‍ അവരുടെ അനുഭവമാണ് അന്ന് പങ്കുവെച്ചത്. അവരുടെ ദേഹത്തേക്ക് തുറിച്ചുനോക്കിയ വ്യക്തിയെ കുറിച്ചാണ് പറഞ്ഞത്. അല്ലാതെ തന്റെ ഫോട്ടോ നോക്കിയ ആളെ കുറിച്ചല്ല. അന്ന് പറഞ്ഞ കാര്യത്തെ ഇപ്പോള്‍ ഷെയര്‍ചെയ്ത ഫോട്ടോയുമായി കൂട്ടിക്കുഴച്ച് ആക്രമണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും ചിലര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Top