കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി വിദ്യാ ബാലന്‍ രംഗത്ത്. നേരത്തെ വന്‍ വിവാദങ്ങളുയര്‍്തതിയ സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കമല സുരയ്യയുടെ ജീവിതം അവതരിപ്പിക്കാന്‍ വിദ്യാ ബാലനെയായിരുന്നു ആദ്യം തിരഞ്ഞെടുത്തത്. എന്നാല്‍ അപ്രതീക്ഷിതമായി വിദ്യ ആമിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
സംവിധായകനുമായി ആശയപരമായ ചില ഭിന്നതകള്‍ ഉള്ളത് കൊണ്ടാണ് വിദ്യ പിന്‍മാറുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെക്കുറിച്ച് വിദ്യ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. ആമിയുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ എല്ലാ വിവാദങ്ങള്‍ക്കും വിദ്യ മൗനം പാലിച്ചു.
ആമിയില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയതില്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും വിദ്യയായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നു എന്നും കമല്‍ പറഞ്ഞാതായി ഒരു വെബ്സൈറ്റ് വാര്‍ത്ത നല്‍കിയിരുന്നു. ഇത് വിവാദമാവുകയും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി വരികയും ചെയ്തു. തുടര്‍ന്ന് കമലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ തന്റെ വാക്കുകള തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി കമല്‍ രംഗത്ത് വന്നിരുന്നു. ഇതെക്കുറിച്ചും വിദ്യ പ്രതികരിച്ചിരുന്നു.
‘ഞാന്‍ മാധവിക്കുട്ടിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ കൂടുതല്‍ അറിയുമായിരുന്നില്ല. മാധവിക്കുട്ടിയെക്കുറിച്ച് ആഴത്തില്‍ അറിയാനും പഠിക്കാനും അവരുടെ പുസ്തകങ്ങള്‍ വായിക്കുവാന്‍ തുടങ്ങി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായി എഴുത്തുകാരിയെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടത്തി. ഒരു വ്യക്തി എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും മാധവിക്കുട്ടി എത്രത്തോളം വലുതാണെന്ന തിരിച്ചറിവ് എനിക്കുണ്ടായി. കമലിന്റെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. എന്റെ മാധവിക്കുട്ടിയില്‍ നിന്ന് ഒരുപാട് വ്യത്യസ്തയായിരുന്നു സംവിധായകന്റെ ആമി. അതുകൊണ്ട് അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ നില്‍ക്കാതെ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്’- വിദ്യ പറഞ്ഞു.