പദവിയിലിരുന്ന് ടോമിന്‍ തച്ചങ്കരി പൊതുമുതല്‍ കട്ടെന്ന് സൂചന; വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു

Tomin-Thachankary

തിരുവനന്തപുരം: വീണ്ടും പോലീസ് കുപ്പായമിടാമെന്ന് സ്വപ്‌നം കണ്ട ടോമിന്‍ തച്ചങ്കരിയുടെ കണക്കുകൂട്ടലൊക്കെ പിഴച്ചു. തച്ചങ്കരി പൊതുമുതല്‍ കട്ടെന്നാണ് ആരോപണം. പാലക്കാട് ആര്‍ടിഒ ശരവണനുമായി തച്ചങ്കരി ഫോണില്‍ സംസാരിച്ചത് വിജിലന്‍സിന് ലഭിച്ചതോടെ തച്ചങ്കരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പിറന്നാള്‍ ആഘോഷവും ഹെല്‍മറ്റ് നിര്‍ബന്ധവുമായിരുന്നു തച്ചങ്കരിയെ പദവിയില്‍നിന്ന് പുറത്താക്കാന്‍ കാരണമായത്. ഇതിനുപിന്നാലെയാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മേധാവിയായിരുന്ന വേളയില്‍ തച്ചങ്കരി ക്രമേക്കേട് നടത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗതാഗത കമ്മീഷണറായി ചുമതലയേറ്റ ശേഷം വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയ ടോമിന്‍ തച്ചങ്കരി ഒരു പ്രത്യേക സോഫ്ട്വേര്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഏതോ സ്ഥാപനത്തിനു വേണ്ടിയാണ് തച്ചങ്കരി അത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നാണ് ആരോപണം. കൂടാതെ വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയെന്നും ആരോപണമുണ്ട്.

മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്ക് മാത്രമായി ഒഴിവാക്കിയതിലെ ക്രമക്കേടാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച് തച്ചങ്കരി ആര്‍ടിഒ ശരവണനുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് തെളിവായി വിജിലന്‍സിന് ലഭിച്ചത്. പണമിടപാട് സംബന്ധിച്ച ഇടപാടുകളായിരുന്നു ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നത്.

അഴിമതി നടത്താനായിരുന്നു തച്ചങ്കരിയുടെ ലക്ഷ്യം. അഴിമതിയുണ്ടെന്ന് ആരോപിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കമ്മീഷണര്‍ നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാനത്തെ ഇരുചക്ര വാഹന ഡീലര്‍മാര്‍ ഹാന്‍ഡിലിങ് ചാര്‍ജ് എന്ന പേരില്‍ വാഹനം വാങ്ങുന്നവരില്‍ നിന്ന് അധിക തുക ഇടാക്കുന്നത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഡീലര്‍ഷോപ്പുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നിലും തച്ചങ്കരിയാണെന്ന് വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പറയുന്നു.

എന്നാല്‍, പദ്ധതികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്നാണ് തച്ചങ്കരി മുന്‍പ് പറഞ്ഞത്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹന ഉടമകള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പറഞ്ഞ തച്ചങ്കരി വിവാദങ്ങളില്‍പെട്ടു. പിന്നീട് ഓഫീസില്‍ പിറന്നാള്‍ ആഘോഷവും നടത്തി. ഇതോടെ തച്ചങ്കരിയുടെ സ്ഥാനവും തെറിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു മന്ത്രിസഭ തച്ചങ്കരിയെ നീക്കിയത്. എന്നാല്‍, വീണ്ടും പോലീസ് കുപ്പായം ഇടാമെന്ന് കരുതിയിരുന്ന തച്ചങ്കരിക്ക് ആ മോഹവും ഇല്ലാതാകുകയാണ്.

Top