
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു എത്തിയതുമുതല്‍ യുഡിഎഫ് മന്ത്രിമാര്‍ക്ക് തലവേദനയാണ്. മിക്ക മന്ത്രിമാര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഇനി വിജിലന്‍സിന്റെ അടുത്ത ലക്ഷ്യം അടൂര്‍ പ്രകാശാണെന്നാണ് സൂചന. മന്ത്രിമാരായിരുന്ന ഉമ്മന്‍ചാണ്ടി, കെ ബാബു, വിഎസ് ശിവകുമാര്‍, കെഎം മാണി തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം ആംരംഭിച്ചു കഴിഞ്ഞു.
ഇനി അടുത്തത് അടൂര്‍ പ്രകാശിനെയായിരിക്കും കുടുക്കാന്‍ പോകുന്നത്. മന്ത്രിയായിരിക്കെ നടത്തിയ വിവാദ ഇടപെടലുകള്‍ അന്വേഷിക്കുവാനാണ് തീരുമാനം. ഇതിനായുള്ള നടപടികള്‍ തുടങ്ങുന്നതാണ്. യുഡിഎഫിന്റെ അവസാന നാളുകളിലെ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സ് ഏറ്റെടുക്കുന്നതോടെ അന്വേഷണത്തിന്റെ മുന നീളുന്നത് അടൂര്‍ പ്രകാശിലേക്കാണ്.
വിവാദ സ്വാമി സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കായി ഭൂമി തിരിച്ചുനല്‍കി ഉത്തരവിറക്കിയത്, കോട്ടയം കുമരകം മെത്രാന്‍കായല്‍ നികത്തല്‍, കടമക്കുടിയില്‍ മള്‍ടട്ി നാഷണല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കെന്നപേരില്‍ 47 ഏക്കര്‍ നെല്‍വയല്‍ നികത്തല്‍ തുടങ്ങിയ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വസ് മത്തേയുടെ ഉത്തരവുകളിലാണ് ക്രമക്കേട് പ്രകടമായത്. വകുപ്പ് മന്ത്രി എന്ന നിലയ്ക്ക് ഇവയിലെല്ലാം അടൂര്‍ പ്രകാശിന്റെ ഇടപെടലുകളുണ്ടായതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.