വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിവാദ വ്യവസായി വിജയ്മല്യക്ക് വീണ്ടും ഭാഗ്യകടാക്ഷം. മല്യയുടെ പ്രതിവാര ജീവിതച്ചെലവിനുള്ള പരിധി 5000 പൗണ്ടില്‍ (നാലരലക്ഷം രൂപ) നിന്നു 18,325 പൗണ്ട് (16 ലക്ഷം രൂപ) ആയി ഉയര്‍ത്തിക്കൊണ്ട് ലണ്ടന്‍ ഹൈക്കോടതിയുടെ ‘ദയ’യാണ് ഇപ്പോള്‍ മല്യക്ക് ലഭിക്കുന്നത്. വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത വകയില്‍ സിംഗപ്പൂരിലെ വിമാനക്കമ്പനിക്കു മല്യ 567 കോടി രൂപ നല്‍കണമെന്ന വിധിക്കു പിന്നാലെയാണു മല്യയുടെ ജീവിതച്ചെലവു പരിധി ഉയര്‍ത്തി പുതിയ ഉത്തരവ് വന്നിരിക്കുന്നത്. എന്നാല്‍, മല്യയുടെ 150 കോടി ഡോളറിന്റെ ആഗോള ആസ്തികള്‍ മരവിപ്പിച്ച നടപടി റദ്ദാക്കിയിട്ടില്ല. ഇക്കാര്യത്തിലുള്ള മല്യയുടെ അപേക്ഷയില്‍ ഏപ്രില്‍ 16നു വാദം തുടങ്ങും. പുതിയ കണക്ക് പ്രകാരം സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ബ്രിട്ടിഷുകാര്‍ക്കു കിട്ടുന്ന ശരാശരി വാര്‍ഷിക ശമ്പളത്തിനു തുല്യമായ തുകയാണു മല്യ ഒരാഴ്ച ചെലവഴിക്കുക. ആഡംബര ജീവിതം ശീലിച്ച ഒരാള്‍ പെട്ടെന്നൊരു ദിവസം തുച്ഛമായ തുകയ്ക്കു ജീവിതച്ചെലവു കഴിക്കണമെന്നു കോടതിക്ക് ആവശ്യപ്പെടാനാകില്ലെന്നാണ് ലണ്ടനിലെ അറിയപ്പെടുന്ന ഇന്ത്യന്‍ അഭിഭാഷകന്‍ സരോഷ് സായ്വാല വിധിയെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
ആഡംബരജീവിതം ശീലിച്ച വ്യക്തിയോട് പെട്ടെന്ന് തുച്ഛമായ തുകയ്ക്ക് ജീവിതം നയിക്കണമെന്ന് ആവശ്യപ്പെടാനാവില്ല; വിജയ് മല്യയുടെ ജീവിതചെലവ് പരിധി ഉയര്‍ത്തി പുതിയ ഉത്തരവ്
Tags: vijay mallya