ദില്ലി: ബാങ്കുകളെ കബിളിപ്പിച്ച് മുങ്ങി നടക്കുന്ന മദ്യരാജാവ് വിജയ് മല്യയെ ഉടന്‍ അറസ്റ്റ് ചെയ്യും. വിജയ് മല്യയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇപ്പോഴും വിദേശരാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് വിജയ് മല്യ എത്തിയിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
ചോദ്യം ചെയ്യലിന് മൂന്നുതവണ സമന്‍സ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. വിദേശത്ത് സ്വത്തുക്കള്‍ വാങ്ങുന്നതിനായി 430 കോടി രൂപ മല്യ തട്ടിച്ചുവെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിനെതിരെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ ഹര്‍ജി കോടതി തള്ളി.
വിജയ് മല്യയുടെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. രാജ്യസഭാംഗമായ മല്യയ്ക്ക് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടാണുള്ളത്. പാസ്പോര്‍ട്ട് നിയമത്തിലെ 10 എ വകുപ്പുപ്രകാരം നാലാഴ്ചത്തേക്കാണ് പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്.
വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടി രൂപ വായ്പയെടുത്ത വിജയ് മല്യ കഴിഞ്ഞമാസം രണ്ടിന് ബ്രിട്ടനിലേക്ക് രക്ഷപെട്ടിരുന്നു. എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നും ഇന്ത്യയിലേക്കു മടങ്ങിവരണമെന്നും ആവശ്യപ്പെട്ടെങ്കിലും വിവാദ വ്യവസായി വഴങ്ങിയിട്ടില്ല. ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിനുശേഷം മാത്രമേ ഹാജരാകാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.