ചെന്നൈ: രാജാവിനെ ഉണ്ടാക്കുന്നവനാകാനല്ല രാജാവ് തന്നെയാകാനാണ് തനിക്കിഷ്ടമെന്ന് ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകം നേതാവും തമിഴിലെ മുന്‍ സുപ്പര്‍താരവുമായ വിജയകാന്ത്. താന്‍ തമിഴ്‌നാട് രാഷട്രീയത്തിലെ കിംഗ്‌മേക്കര്‍ ആകുന്നതിന് പകരം കിംഗ് തന്നെയാകണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുന്നവരുമായി ഉപാധിയോടെ മുന്നണിയുണ്ടാക്കാമെന്ന് വിജയകാന്ത് പറഞ്ഞു.
വിജയകാന്ത് സംസാരിക്കുന്നതിന് മുമ്പായി ഇക്കാര്യം തന്നെ അദ്ദേഹത്തിന്റെ ഭാര്യ പ്രേമലത സൂചിപ്പിച്ചു. ഇരുവരും ജനക്കുട്ടത്തിന് നേരെ ചോദ്യം എറിഞ്ഞ് അവരെക്കൊണ്ട് തന്നെ മറുപടി പറയിക്കുന്ന രീതിയിലായിരുന്നു പ്രസംഗിച്ചത്്. താന്‍ കിംഗാകണോ കിംഗ് മേക്കറാകണോ എന്ന് ചോദിച്ചപ്പോള്‍ ജനക്കൂട്ടം കിംഗ് എന്ന് പ്രതികരിച്ചു. ഇത് തനിക്കൊപ്പം ഒന്നിക്കുന്ന എല്ലാ പാര്‍ട്ടികളുടേയും അഭിപ്രായമാണെന്നും മെഗാ പാര്‍ട്ടി റാലിയില്‍ സംസാരിച്ചപ്പോള്‍ വ്യക്തമാക്കി.
തനിക്ക് വ്യക്തമായ ഭൂരിപക്ഷം വേണമെന്ന് ആശയം ഒരുമുഴം മുമ്പേ എറിഞ്ഞ് താന്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോ എന്ന് പല തവണ വിജയകാന്ത് ജനക്കൂട്ടത്തോട് ചോദിച്ചു. ഡിഎംകെയും അഐഎഡിഎംകെയും ചേര്‍ന്ന് സംസ്ഥാനത്തെ ശവപ്പറമ്പാക്കി മാറ്റിയെന്ന് പ്രേമലത പറഞ്ഞു. സാമ്പത്തിക വളര്‍ച്ച താറുമാറായതായി വിജയകാന്തും കുറ്റപ്പെടുത്തി. ഭരിക്കുന്ന പാര്‍ട്ടി 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കാമോ എന്നും വിജയകാന്ത് വെല്ലുവിളിച്ചു. ഓരോ വീട്ടിലും ഒരാള്‍ക്ക് വീതം 25,000 രൂപ വരുമാനമുണ്ടാക്കുന്ന എപിജെ അബ്ദുല്‍ കലാമിന്റെ പേരില്‍ സ്മാര്‍ട്ട് വില്ലേജ് സ്‌കീം പദ്ധതിയിട്ടുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക നേരത്തേ വിജയകാന്ത് പുറത്തിറക്കി.