കായല്‍ കയ്യേറി നടന്‍ ജയസൂര്യയുടെ ബോട്ട് ജെട്ടി നിര്‍മ്മാണം;റീസര്‍വ്വേ നടപടികള്‍ ആരംഭിച്ചു.നടപടി തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന്.

കൊച്ചി:നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി ആരംഭിച്ചു.ജ്യസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും അനധികൃതമായി ബോട്ട് ജെട്ടിയും നിര്‍മ്മിച്ചെന്നാണ് പരാതി.തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് കേസ് ഫയല്‍ ചെയ്തത്.തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടന്‍ നടത്തിയതെന്നായിരുന്നു പരാതിക്കാരന്റെ വാദം.സിആര്‍ഇസെഡ് 2 സോണില്‍ പെടുന്ന ഇവിടെ 50 മീറ്റര്‍ ചുറ്റളവില്‍ എന്ത് നിര്‍മ്മാണപ്രവര്‍ത്തനം നടത്താനും തീരദേശപരിപാലന അതോറിറ്റിയുടെ പ്രത്യേക അനുമതി വേണം.ജയസൂര്യ അത്തരത്തില്‍ യാതൊരു അനുമതിയും വാങ്ങിയിട്ടില്ലെന്ന് ഗിരീഷ് ബാബു  പറഞ്ഞു.എന്നാല്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലും റവന്യു വകുപ്പിലും പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടാകാതായതോടെയാണ് ഗിരീഷ് തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.gireeshകോടതി തഹസില്‍ദാരോട് കയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.വ്യാഴാഴ്ച രാവിലെയാണ് റീസര്‍വ്വെ നടപടികള്‍ ആരംഭിച്ചത്.കായല്‍ പുറമ്പോക്കായതിനാല്‍ സര്‍വ്വെ കല്ല് കണ്ടുപിടിക്കാന്‍ തന്നെ ഏറെ താമസമെടുത്തു.ഒടുവില്‍ വൈകീട്ടോടെയാണ് പഴയ സര്‍വ്വെ കല്ല് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞത്.അളവില്‍ വ്യക്തത വരുത്താനായി ”ടോട്ടല്‍ സര്‍വ്വെ എക്യൂപ്‌മെന്റ്” വാടകക്കെടുത്ത് സര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു.ഇതിന്റെ ചിലവ് കൊച്ചി കോര്‍പ്പറേഷന്‍ വഹിക്കാനും ധാരണയായിട്ടുണ്ട്.
തഹസില്‍ദാര്‍ ഔദ്യോഗികമായി കോര്‍പ്പറേഷന് കത്ത് നല്‍കി എക്യൂപ്‌മെന്റ് വാടകക്കെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും.രണ്ട് ദിവസത്തിനുള്ളില്‍ തന്നെ അളക്കല്‍ നടപടികള്‍ അവസാനിപിക്കാനാണ് സര്‍ക്കാര്‍ വകുപ്പുകളുടെ തീരുമാനം.കണയന്നൂര്‍ തഹസില്‍ദാര്‍ രാജു ജോസഫാണ് താരത്തിന്റെ കയ്യേറ്റം കണ്ടുപിടിക്കാനുള്ള സംഘത്തിന് നേതൃത്വം നല്‍കുന്നത്.അളക്കല്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് പ്രധാന ചാനലുകളെല്ലാം സ്ഥലത്തെത്തിയിരുന്നെങ്കിലും നടന്റെ താരമൂല്യം കണക്കിലെടുത്ത് എല്ലാവരും വാര്‍ത്ത നല്‍കാതെ പോകുകയായിരുന്നുവെന്ന് ഗിരീഷ് ബാബു പറഞ്ഞു.ഒരു ചാനലിന്റെ തലവനായ സൂപ്പര്‍ താരം തന്നെയാണ് വാര്‍ത്ത കവര്‍ ചെയ്യാനെത്തിയ റിപ്പോര്‍ട്ടറെ വിലക്കിയതെന്നും അദ്ധേഹം ആരോപിച്ചു.എന്തായാലും നിയമലംഘനത്തിനെതിരെ നിയപോരാട്ടം തുടരാന്‍ തന്നെയാണ് ഗിരീഷിന്റെ തീരുമാനം.ചിലവന്നൂര്‍ കായല്‍ തീരത്ത് നിയമം ലംഘിച്ച് കെട്ടിയുയര്‍ത്തിയ നിരവധി അംബരചുംഭികളായ കെട്ടിടങ്ങളാണുള്ളത്.ഇതില്‍ ഡിഎല്‍എഫിന്റെ കായല്‍ കയ്യേറ്റം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിരുന്നു.ഇത് കൂടാതെ പത്മശ്രീ എംഎ യൂസഫലിയുടെ വീടുള്‍പ്പെടെ നിരവധി നിര്‍മ്മാന പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് ആരോപണം നിലനില്‍ക്കുകയാണ്.കയ്യേറ്റക്കാരുടെ പറുദീസയില്‍ ഏറ്റവും ഒടുവില്‍ ജയസൂര്യയുടെ ബോട്ട് ജെട്ടി നിര്‍മ്മാണമാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്.തനിക്കെതിരായ ഗൂഡാലോചനയാണ് ആരോപണത്തിന് പിന്നിലെന്നാണ് ജയസൂര്യയുടെ വാദം.

Top