വിമാനത്താവളത്തില്‍വെച്ച് വിനേഷ് ഫോഗട്ടിന് മോതിരമാറ്റം

ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതിയ ഇന്ത്യയുടെ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് വിമാനത്താവളത്തില്‍വെച്ച് മോതിരമാറ്റം. ഗുസ്തിയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ വിനേഷ് കാമുകനായ സൊംവീര്‍ രതിയുമായാണ് മോതിരമാറ്റം നടത്തിയത്. കൂട്ടുകാരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ അവര്‍ പരസ്പരം വിവാഹ മോതിരമണിഞ്ഞു. ഒപ്പം കേക്കു മുറിച്ച് വിനേഷിന്റെ 24ാം പിറന്നാളാഘോഷവും ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു. വിനേഷും ജാവലിംഗ് ത്രോ താരം നീരജ് ചോപ്രയും പ്രണയത്തിലാണെന്ന വിധത്തില്‍ വാര്‍ത്ത പരന്നിരുന്നു.

എന്നാല്‍ ഇരുവരും അവരവരുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത് നിരസിച്ചിരുന്നു. ഈ വിവാദത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒന്നല്ല ഈ സര്‍പ്രൈസ് എന്‍ഗേജ്‌മെന്റെന്ന് വിനേഷ് പറഞ്ഞു. എട്ട് വര്‍ഷമായി താനും സോംവിറും പ്രണയത്തിലാണെന്നും ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും വിനേഷ് പ്രതികരിച്ചു. സുശീല്‍ കുമാറടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ അഭിമാനമായത് വിനേഷ് ഫൊഗട്ടാണ്. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന്‍ താരം യൂകി ഇറിയെ മലര്‍ത്തിയടിച്ച് വിനേഷ്, ദംഗല്‍ കുടുംബത്തിലേക്ക് ഒരു മെഡല്‍ കൂടി കൊണ്ടുവന്നു.

Top