കൊച്ചി:വിസ്മയ കേസിൽ പൊലീസ് പിടിയിലായ പ്രതി കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. കിരൺ ഇനിയും ജയിലിൽ തുടരേണ്ട ആവശ്യമില്ലെന്നും കുറ്റപത്രം സമർപ്പിച്ച സമർപ്പിച്ച സ്ഥിതിക്ക് ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. 105 ദിവസമായി കിരൺ റിമാൻഡിലാണ്. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചു. മോട്ടോർ വാഹന വകുപ്പിലെ ജോലിയിൽ നിന്ന് കിരണിനെ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇനിയും ജാമ്യം നിഷേധിക്കേണ്ടെന്നാണ് പ്രതിഭാഗത്തിന്റെ ഭാഗം.
വിസ്മയ സമൂഹമാധ്യമങ്ങൾക്ക് അടിമയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. ടിക് ടോക്ക്, ഫേസ്ബുക്ക്, വാട്സ് ആപ്പ് എന്നീ സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നു വിസ്മയ. വിസ്മയ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഫോൺ വാങ്ങിവെച്ചതും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമെന്നുമാണ് കിരണിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ കിരണിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വിസ്മയക്കേറ്റ പീഡനത്തിൽ കിരണിനെതിരെ മൊഴികളും രേഖാമൂലമുള്ള തെളിവുകളുമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നേരത്തെ രണ്ടു തവണ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു..
സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. വിസ്മയ ബന്ധുവിനയച്ച ചിത്രങ്ങളും സന്ദേശങ്ങളും ഇതിലുൾപ്പെടുന്നു. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിസ്മയ പ്രതി കിരണ്‍കുമാറിന്റെ ബന്ധുക്കള്‍ക്കും സന്ദേശമയച്ചിരുന്നു. കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നാണ് വിസ്മയയുടെ ചാറ്റ് അന്വേഷണ സംഘം കണ്ടെത്തിയത്.