തൃശൂര്‍: ടിപി വധക്കേസിലെ പ്രതികളായ കൊടു ക്രിമിനലുകള്‍ക്ക് വിയ്യൂര്‍ ജയിലില്‍ സുഖവാസം. ജയിലില്‍ ഗുണ്ടകളായി വിലസുന്ന ഇവര്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുകയാണ് വിയ്യൂര്‍ ജയില്‍ അധികൃതര്‍. ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലിലെത്തിയ കൊടിസുനി ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് എല്ലാ സഹായവും ഇവര്‍ ചെയ്യുന്നു. ഇവര്‍ക്കൊപ്പം കയ്പ്പമംഗലത്ത് ആളെ മാറി സിപിഎം പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതികളും ഒരുമിച്ചാണ് ജയില്‍ ഭരിക്കുന്നത്. ജയിലിലെ വാര്‍ഡന്‍മാരെയും ഈ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്.
ടിപി വധക്കേസിലെ അഞ്ച് പ്രതികളാണ് വിയ്യൂര്‍ ജയിലില്‍ ഉള്ളത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ചെയ്യേണ്ട ജോലികളൊന്നും ഇവര്‍ ചെയ്യുന്നില്ല. എന്നാല്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ കൃത്യമായി ഒപ്പുവെക്കുകയും കൂലി വാങ്ങുകയും ചെയ്യുന്നുണ്ട്. ജയില്‍ അധികൃതരില്‍ ചിലരുടെ പിന്തുണയോടെയാണിത്. ജയിലില്‍ ഇവര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും സഹതടവുകാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും പറയുന്നു.
ഭയം മൂലം സഹതടവുകാര്‍ ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയാണ്. ഒരു മാസം മുമ്പ് ജയിലിലെ മറ്റൊരു തടവുകാരനെ ഇവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ജയില്‍ അധികൃതര്‍ കൈക്കൊണ്ടില്ല.
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ജയിലധികാരികള്‍ തയ്യാറായില്ല. ടിപി വധക്കേസിന് പുറമെ ഇവര്‍ മറ്റു പലകേസുകളിലും പ്രതികളാണ്. ഈ കേസുകളിലെ വിചാരണക്കായി കോടതികളില്‍ കൊണ്ടുപോകുമ്പോള്‍ രാജകീയ പരിഗണനയാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. വിയ്യൂര്‍ ജയിലിലെ ഒരു ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് തന്നെയാണ് ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.