കൊച്ചി:സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം നടക്കുന്നത് മുഖ്യമന്ത്രിയുടെ ദയനീയ ഭരണപരാജയങ്ങളുടെ മധ്യേയാണ്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ല.
ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ വന്നിട്ടുള്ളത്. മനുഷ്യജീവന് ഒട്ടും വിലയില്ലാത്ത സ്ഥിതിവിശേഷം നിലനിൽക്കുന്നു. ആർക്കും എന്തും ചെയ്യാനാകും എന്ന അവസ്ഥയിൽ കേരളം എത്തിച്ചേർന്നിരിക്കുകയാണ്. കൊട്ടേഷൻ സംഘങ്ങളും ക്രിമിനൽ കൂട്ടങ്ങളും കൊലപാതകികളും നാട്ടിൽ അഴിഞ്ഞാടുകയാണ്. പോലീസ്-ക്രിമിനൽ കൂട്ടുകെട്ട് ഇത്രത്തോളം എത്തിയ ഇതുപോലൊരു സാഹചര്യം മുമ്പെങ്ങും കേരളത്തിൽ ഉണ്ടായിട്ടില്ല.
ഏതൊരു ഭരണത്തിന്റെയും വിജയം ആ ഭരണസംവിധാനത്തെ നയിക്കുന്നവരെ ആശ്രയിച്ചാണിരിക്കുന്നത്. അവിടെയാണ് മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയൻറെ ദയനീയമായ പതനം കാണുന്നത്.
കുട്ടിമാക്കൂലിൽ ദളിത് സഹോദരിമാരെ കള്ളകേസിൽപെടുത്തി അറസ്റ്റ് ചെയ്ത് കൈക്കുഞ്ഞിനോടൊപ്പം തുറുങ്കിലടച്ചതോടെയാണ് മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയൻ്റെ വീഴ്ചകൾ ആരംഭിക്കുന്നത്. അന്ന് ആ സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച് നീതിപൂർവമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പിന്നീട് വന്നിട്ടുള്ള തെറ്റായ പ്രവർത്തനങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നും ആവർത്തിക്കില്ലായിരുന്നു. തെറ്റായ പ്രവർത്തികൾ ചെയ്താൽ തങ്ങൾക്ക് സംരക്ഷണം കിട്ടില്ല എന്ന ബോധം പോലീസിനുണ്ടാകുമായിരുന്നു. നിയമത്തിന് നിരക്കാത്ത പല സംഭവങ്ങളും ഒഴിവായി പോവുകയും ചെയ്തേനെ.
രാഷ്ട്രീയ പ്രേരിതമായി ആർക്കെതിരെയും കേസെടുക്കാമെന്ന തെറ്റായ സന്ദേശമാണ് കുട്ടിമാക്കൂൽ സംഭവം നൽകുന്നത്. അതോടെ സിപിഎം നേതാക്കൾ പറയുന്നത് പോലെ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് പോലീസ് എത്തി. തുടർന്നുണ്ടായ ലോക്കപ്പ് മർദനങ്ങളുടേയും കസ്റ്റഡി അതിക്രമങ്ങളുടെയും പരമ്പര വരാപ്പുഴയിലെ ശ്രീജിത്തിന്റെ ക്രൂരമായ കൊലയിലെത്തി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിനുപിന്നാലെ മറ്റൊന്ന് ഉണ്ടായപ്പോഴും പക്ഷപാതപരമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയുടെ ശൈലി ഇത്തരം കൊലപാതകങ്ങൾ തുടരുന്ന സാഹചര്യമാണ് ഉണ്ടാക്കിയത്.
രാഷ്ട്രീയവിരോധത്തിന്റെ അടിസ്ഥാനത്തിൽ ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അതിന്റെ പിന്നിലെ ഗൂഢാലോചനക്കാരെ രക്ഷിക്കാൻ സർക്കാർ തന്നെ ശ്രമിക്കുന്നതിനും ജനങ്ങൾ സാക്ഷികളായി. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയിൽ വാദിക്കാൻ ഡൽഹിയിൽ നിന്നുവരെ വൻതുക ചെലവിട്ട് അഭിഭാഷകനെ കൊണ്ടുവന്നത് ഈ സർക്കാരിന്റെ കുറ്റവാളികളെ രക്ഷിക്കുന്ന നയത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാന പോലീസിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന അതിഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കേസുകൾ സി.ബി.ഐ. അന്വേഷിക്കണം എന്ന ആവശ്യം ഉയർന്നുവരുന്നതിൻ്റെ അടിസ്ഥാനം ഇതാണ്. ഇതിനെല്ലാം ഉത്തരവാദി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ്.
ചുവപ്പ് വസ്ത്രമണിഞ്ഞ് പോലീസ് ഓഫീസർമാർ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതിനെ പരസ്യമായി ന്യായീകരിക്കുക വഴി പോലീസിലെ മാർക്സിസ്റ്റ് വൽക്കരണ സന്ദേശ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്.
ഭീതിയോ പ്രീതിയോ കൂടാതെ തന്റെ ഉത്തരവാദിത്വം നിറവേറ്റുമെന്ന സത്യപ്രതിജ്ഞാ വാചകം വിസ്മരിച്ച മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് യഥാർത്ഥത്തിൽ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്.
ഇങ്ങനെ ഒരു ഭാഗത്ത് പോലീസിനെ രാഷ്ട്രീയവൽക്കരിക്കുമ്പോൾ മറുഭാഗത്ത് അഴിമതിക്കാരായി അറിയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് താക്കോൽ സ്ഥാനങ്ങൾ നൽകുന്നു. അങ്ങനെയുള്ളവരെ തങ്ങളുടെ താളത്തിനൊപ്പിച്ച് തുള്ളിക്കാൻ പാർട്ടിക്കാർക്ക് എളുപ്പമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ നിഷ്ക്രിയരാക്കുന്നു. അഴിമതിക്കാരായ പോലീസിലെ ‘താപ്പാന’കൾക്ക് വൻ പ്രോൽസാഹനമാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്നത്.
പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ സംബന്ധിച്ച് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.
കേരളത്തിൻറെ തീരാദുഖമായി മാറിയിട്ടുള്ള കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗാന്ധിനഗർ സബ് ഇൻസ്പെക്ടറോട് കെവിന്റെ ഭാര്യ നീനുവും കെവിന്റെ പിതാവും പരാതിപ്പെട്ടിട്ടും യഥാസമയം നടപടി സ്വീകരിക്കുന്നതിൽ അതിഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതൊക്കെ എന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഗുരുതരമായ വീഴ്ച വരുത്തിയ ഈ സബ് ഇൻസ്പെക്ടർ തന്റെ സുരക്ഷാ ഡ്യൂട്ടിയിലില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ആദ്യമേ ശ്രമിച്ചത്. ഈ വാദം മാധ്യമങ്ങൾ തെളിവ് സഹിതം പൊളിച്ചപ്പോൾ വികൃതമായത് മുഖ്യമന്ത്രിയുടെ തന്നെ മുഖമാണ്.
മാധ്യമപ്രവർത്തകരോട് ശത്രുതാ മനോഭാവം വെച്ചു പുലർത്തുന്ന മുഖ്യമന്ത്രിയുടെ ശൈലി ജനാധിപത്യ ഭരണകൂടത്തിന്റെ തലവന് ഒട്ടും യോജിച്ചതല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ കെവിനെ തട്ടിക്കൊണ്ടുപോവുകയും തുടർന്ന് കുറ്റവാളികളെ രക്ഷിക്കാൻ കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഇമ്മാതിരിയുള്ള പ്രതികരണങ്ങൾ എന്നത് എത്രയോ പരിഹാസ്യമാണ്.
ഒരു ഭരണത്തിലും ഇല്ലാത്ത രീതിയിൽ ഉപദേശകരാൽ സമൃദ്ധമാണ് ഈ സർക്കാർ. പക്ഷേ അവരാരും തന്നെ ശരിയായ യാതൊരു ഉപദേശവും നൽകിയതായി അറിയുന്നില്ല.
ഭരണച്ചെലവ് കുറയ്ക്കാൻ ബാധ്യതപ്പെട്ട മുഖ്യമന്ത്രി തന്നെ അനാവശ്യ ഉപദേശകവൃന്ദത്തെ നിയമിച്ച് ഖജനാവ് ധൂർത്തടിക്കുകയാണ്.
കേരളത്തിലെ സമാധാനജീവിതം തകർത്തതാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭരണംകൊണ്ട് ജനങ്ങൾക്കുണ്ടായിട്ടുള്ള ദുർഗതി. യഥാർത്ഥത്തിൽ കേരളം മനുഷ്യകുരുതിക്കളമായി മാറിയിരിക്കുകയാണ്.
ആർക്കും ഏത് സമയവും എന്തും സംഭവിക്കാവുന്ന, ജീവൻ നഷ്ടപ്പെടാവുന്ന ഈ അതിഗുരുതരമായ സ്ഥിതിവിശേഷത്തെ കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സി.പി.എമ്മിൻ്റെ കേന്ദ്ര നേതൃത്വമോ ഗൗരവമായി കാണുന്നില്ല എന്നത് വളരെ പരിതാപകരമാണ്.
ഈ അവസ്ഥ ഈ നിലയിൽ തുടർന്നാൽ ഒരുപക്ഷേ കേന്ദ്രസർക്കാരിന്റെ ഇടപെടലിന് തന്നെ അവസരമുണ്ടാകുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
ബി.ജെ.പി. ഇതര സർക്കാരുകളെ കശാപ്പു ചെയ്യാൻ കഴുകനെ പോലെ കാത്തിരിക്കുന്ന മോഡിസർക്കാരിൻ്റെ കൈയ്യിലേക്ക് ആയുധമെറിഞ്ഞു കൊടുക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ പിണറായിയും കൂട്ടരും ചെയ്തുകൊണ്ടിരിക്കുന്നത്.