തിരുവനന്തപുരം: ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തു വരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. എല്ലാ കര്യങ്ങളെ പറ്റിയും തനിക്ക് അഭിപ്രായമുണ്ടെന്നും എന്നാല്‍, രാഷ്ട്രീയ ഉത്തരവാദിത്ത്വം പാലിച്ച് മാത്രമേ ഉത്തരം പറയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങളിലും വേണ്ടപ്പോള്‍ വേണ്ട നടപടികളായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. അതിനിടെ ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സ്വാമിയുടെ മരണത്തില്‍ ആരോപണവിധേയനായ പ്രിയന്‍.ആരോപണം ഉന്നയിച്ച ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് തെളിവുകള്‍ ഹാജരാക്കണമെന്നും ബിജുവിനേയും ചോദ്യം ചെയ്യണമെന്നും പ്രിയന്‍ ആവശ്യപ്പെട്ടു. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.
ബാര്‍ കോഴക്കേസില്‍ തിരിച്ചടി നേരിട്ട സര്‍ക്കാര്‍ ശാശ്വതീകാനന്ദയുടെ മരണത്തില്‍ പെട്ടെന്ന് തുടരന്വേഷണം പ്രഖ്യാപിച്ചത് മുഖം രക്ഷിക്കാനാണോ എന്ന ചോദ്യത്തില്‍ നിന്ന് സുധീരന്‍ ഒഴിഞ്ഞു മാറി. നലകാര്യങ്ങളെ സ്വാഗതം ചെയ്യുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നാണ് അദ്ദേഹം ഇതിന് ഉത്തരം നല്‍കിയത്. ഇന്ന് ശാശ്വതീകാനന്ദയുടെ കാര്യമാണ് ചര്‍ച്ച ചെയ്യുന്നതെന്നും ഒരോ വിഷയങ്ങളും അതിന്റെ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ശാശ്വിതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ശനിയാഴ്ച്ച രാവിലെയാണ് ആഭ്യന്തര മന്ത്രി തുടരന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി മധുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സ്വാമിയുടെ മരണത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു. സ്വാമിയുടെ മരണത്തിലെ ദുരൂഹത മാറ്റാന്‍ തുടരന്വേഷണം സഹായിക്കുമെന്ന് വി.എം സുധീരനും അഭിപ്രായപ്പെട്ടു.