കൂടത്തായിയിലെ മരണങ്ങൾ ആസൂത്രിത കൊലപാതകങ്ങളോ…!!? ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യം

കൂടത്തായി: ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രാവിലെ കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറ തുറന്നു പരിശോധിച്ച ശേഷം ലൂർദ് മാതാ പള്ളിയിലെ കല്ലറകൾ കൂടി തുറന്നു. നാലുപേരുടെ മൃതദേഹങ്ങൾ സംസ്കരിച്ച രണ്ടു കല്ലറകളാണു രണ്ടാമത് തുറന്നത്. ടോം തോമസ്, അന്നമ്മ, റോയി തോമസ്, മാത്യൂ മഞ്ചാടിയിൽ എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച കല്ലറകളാണിവ. പൊലീസും ഫോറൻസിക് സംഘവും ചേർന്നാണ് പരിശോധിക്കുന്നത്.

ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന ലഭിച്ചെന്ന രീതിയിലാണ് എസ്‍പി കെ ജി സൈമണിൻ്റെ പ്രതികരണം.   മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു.  മരിച്ചവരുടെ മൃതദേഹഅവശിഷ്ടങ്ങൾ പരിശോധനക്ക് നൽകിക്കഴിഞ്ഞു. ഫലം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്നാതുവിടാനാവൂ എന്നും എസ്‍പി അറിയിച്ചു.

കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ,  മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ  പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തിൽ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. ടോം തോമസിന്‍റെ ഭാര്യ അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ച ഉ‍ടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറു വര്‍ഷത്തിനുശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

2011ല്‍ ടോം തോമസിന്‍റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. റോയിയുടെ  മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍,  കഴിച്ച ഭക്ഷണത്തില്‍ സയനൈഡിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഈ വിവരം മറച്ചുവെക്കുകയായിരുന്നു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരുവര്‍ഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍  ടോമിന്‍റെ സഹോദര പുത്രന്‍റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു എല്ലാം. സമാനസ്വഭാവമുള്ള മരണത്തില്‍ സംശയം തോന്നിയ ടോമിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയില്‍   ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.

Top