തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്ക വയ്യാതെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്ന് സുധീരന്‍. ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാജിവയ്ക്കേണ്ടി വന്നു. ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താനെന്നും ഗ്രൂപ്പ് കാരണം സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും സുധീരന്‍ പറഞ്ഞു. കെപിസിസി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പ് അതിപ്രസരം നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമായെന്ന് കെപിസിസി യോഗത്തില്‍ സുധീരന്‍ പറഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റ് വിഭജിച്ചത് തോല്‍വിയിലേക്ക് നയിച്ചു. ഗ്രൂപ്പ് അതിപ്രസരം പാര്‍ട്ടിയെ തളര്‍ത്തുന്നുവെന്നും സുധീരന്‍ പറഞ്ഞു. പരസ്യ പ്രസ്താവനകള്‍ തുടരുമെന്നും ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കണ്ടെന്നും യോഗത്തില്‍ സുധീരന്‍ വെല്ലുവിളിച്ചു.
അതിനിടെ, ഗ്രൂപ്പ് നേതാക്കള്‍ തമ്മിലുളള വാക്കേറ്റത്തില്‍ കെപിസിസി യോഗം തടസ്സപ്പെട്ടു. എ ഗ്രൂപ്പ് നേതാക്കള്‍ സുധീരന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ എ ഗ്രൂപ്പ് നേതാക്കളും സുധീരന്‍ പക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി.
അതേസമയം, പാര്‍ട്ടി നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്റെ നിലപാട് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണ്. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട്, അതിപ്രസരമില്ലെന്നും കെപിസിസി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹസ്സന്‍ പറഞ്ഞു.