വോട്ടർമാരെ ഇളക്കിമറിച്ച് തുറന്ന വാഹനത്തിലെ പ്രചാരണത്തിനിറങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്; കുമരകവും തിരുവാർപ്പും ഒപ്പം ചേർന്നു

കുമരകം: നാടും നഗരവും ഇളക്കിമറിച്ച് വോട്ടുറപ്പിച്ച് കുമരകത്ത് പ്രചാരണത്തിൽ ഒന്നാമതെത്തി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. കുമരകം തിരുവാർപ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രചാരണത്തെ ചെണ്ടമേളങ്ങളും ബാൻഡ് മേളവും നാസിക് ഡോലും അടക്കമുള്ളവയുമായാണ് സാധാരണക്കാരായ ആളുകൾ സ്വീകരിച്ചത്.

വിവിധ സ്വീകരണ വേദികളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിനായി എത്തിയിരുന്നു. വ്യാഴാഴ്ച കുമരകം പഞ്ചായത്തിൽ നടന്ന തുറന്ന വാഹനത്തിലെ പ്രചാരണത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വൻ സ്വീകരണം ലഭിച്ചത്.

കുമരകം മണ്ഡലത്തിലെ കവണാറ്റിൻകരയിൽ നിന്നും ആരംഭിച്ച തുറന്ന വാഹനത്തിലെ പ്രചാരണം കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. തുടർന്നു കുമരകം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം പ്രചാരണ പരിപാടികൾ ഉച്ചയോടെ ചന്തക്കവലയിൽ സമാപിച്ചു.

ഇതിനു ശേഷം തിരുവാർപ്പ് പഞ്ചായത്തിലെ രണ്ടാം കലുങ്കിൽ നിന്നുമാണ് ഉച്ചയ്ക്ക് ശേഷമുള്ള പര്യടനം ആരംഭിച്ചത്. തിരുവാർപ്പ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയ ശേഷം തുറന്ന വാഹനത്തിലെ പ്രചാരണം, തിരുവാർപ്പ് കൊച്ചുപാലത്തിൽ സമാപിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ പ്രചാരണ പരിപാടികൾ ഇന്ന് അയ്മനം പഞ്ചായത്തിൽ നടക്കും. പുളിഞ്ചോട് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രചാരണ പരിപാടികൾ വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകും.

Top