വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ ധാരണ; പദവി വിഎസ് സ്വീകരിക്കുമോ?

vs

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് പാര്‍ട്ടി എന്തു പദവി നല്‍കുമെന്ന കാര്യത്തിലുള്ള ആശങ്ക നീങ്ങുന്നു. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും. ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവി വിഎസ് സ്വീകരിക്കമോ എന്നാണ് ഇനി അറിയേണ്ടത്.

വിഎസ് അനുകൂലമായി പ്രതികരിച്ചു എന്നാണ് ലഭിക്കുന്ന സൂചന. ആലങ്കാരിക പദവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പദവി സ്വീകരിക്കുമെന്ന് സീതറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വിഎസ് പ്രതികരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഎസ് അച്യുതാനന്ദന് പദവികള്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. തീരുമാനം വൈകുന്നതിലുളള അതൃപ്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പിബിയില്‍ പ്രകടിപ്പിച്ചിരുന്നു.
വിഎസിന് ഉചിതമായ പദവി നല്‍കാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. എന്നാല്‍ വിഎസിന് പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.

കാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍ എന്നീ പദവികളാണ് വിഎസിന് നല്‍കാന്‍ പാര്‍ട്ടി പരിഗണിക്കുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പദവി ആവശ്യപ്പെട്ട് വിഎസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കുറിപ്പു നല്‍കിയെന്ന ആരോപണവും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇടതു മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് കുറിപ്പ് വിവാദം ഉണ്ടായത്.

ചടങ്ങിനിടെ വിഎസിന്റെ കൈയില്‍ കണ്ട കുറിപ്പില്‍ വിഎസിന്റെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണെന്നായിരുന്നു വാര്‍ത്തകള്‍ ആദ്യം പരന്നത്. ഇത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് വിഎസിന് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ വാര്‍ത്തകള്‍ നിഷേധിച്ച് യെച്ചൂരി രംഗത്തെത്തി. കത്ത് താനല്ല നല്‍കിയതെന്നും വിഎസ് തനിക്കാണ് കത്ത് നല്‍കിയതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

Top