മാണിയിലൂടെ നടക്കാത്തത് മകനിലൂടെ സാധിക്കാന്‍ സിപിഎം; മുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി

അധികാര തര്‍ക്കത്തില്‍ വലയുന്ന കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമം മുന്നണികളും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും രണ്ടായി തന്നെ തുടരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മുന്നണികള്‍ ചൂണ്ട എറിയുന്നത്.

ജോസ് കെ മാണി വിഭാഗത്തെ ഒപ്പംകൂട്ടാനാണ് സിപിഐഎം നീക്കം. മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണിയുമായി ചര്‍ച്ചകള്‍ നടത്താന്‍ പ്രത്യേക ദൂതനെ തന്നെ നിയോഗിച്ചുവെന്നാണ് സൂചന.

ക്രൈസ്തവ വോട്ടു ബാങ്കുകള്‍ ലക്ഷ്യമിട്ട് കെ എം മാണിയെ ഒപ്പം കൂട്ടാന്‍ വര്‍ഷങ്ങളായി സിപിഐഎം ശ്രമം തുടങ്ങിയതാണ്. അതിനിടെ ബാര്‍ കോഴ വിവാദം ഉണ്ടായതോടെ ആ നീക്കം പാളി. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിച്ചെങ്കിലും അത്ര ഫലം കണ്ടില്ല. കെ എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിനായി കാത്തിരിക്കുകയായിരുന്നു സിപിഐഎം.

ജോസ് കെ.മാണിയെ ചെയര്‍മാനായി പ്രഖ്യാപിച്ചതോടെ ആ വിഭാഗത്തെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ദൂതന്മാര്‍ മുഖേന ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ എല്‍ഡിഎഫിലുള്ള മറ്റൊരു കേരള കോണ്‍ഗ്രസ് നേതാവിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സിപിഐഎം നേരിട്ടും രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ജോസ് കെ മാണിക്ക് മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് നീക്കങ്ങള്‍. അങ്ങനെയെങ്കില്‍ പാലാ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ മാണിയെ മല്‍സരിപ്പിക്കാമെന്നും നിര്‍ദ്ദേശം മുന്നോട്ടുവെച്ചു.

എന്നാല്‍ നിലവില്‍ രാജ്യസഭ എംപിയായിട്ടുള്ള ജോസ് കെ മാണി, ആ സ്ഥാനം രാജിവെച്ച് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കും എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ഉപദേശിച്ചു. റോഷി അഗസ്റ്റിനെ മന്ത്രിസ്ഥാനത്തേയ്ക്ക് എത്തിച്ചുള്ള ചില ഫോര്‍മുലയും ഇടതുമുന്നണിയുടെ മനസിലുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ റോഷിയെയും എന്‍ ജയരാജിനെയും സംരക്ഷിക്കാമെന്നും സിപിഐഎം ഉറപ്പു നല്‍കുന്നു. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോയാല്‍ അണികളുടെ വികാരം എതിരാകുമെന്ന ആശങ്കയുണ്ട് ജോസ് കെ മാണി പക്ഷത്തിന്. എന്തായാലും യുഡിഎഫില്‍ എത്രത്തോളം പ്രാതിനിധ്യം ലഭിക്കും എന്നതിനെ ആശ്രയിച്ചാകും തീരുമാനമെടുക്കുക.

Top