തിരുവനന്തപുരം : മൂന്നാര്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി.എസ്.അച്യുതാനന്ദന്‍. ഭൂമാഫിയയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ കാല് വെട്ടും,രണ്ടു കാലില്‍ നടക്കില്ല എന്നൊക്കെ വിളിച്ചു കൂവുന്ന ഭൂമാഫിയയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമനെതിരെ എസ്.രാജേന്ദ്രന്‍ എം.എല്‍.എ നടത്തിയ പരാമര്‍ശത്തെ പേരെടുത്ത് പറയാതെ ഭൂമാഫിയ എന്ന പേരില്‍ വിമര്‍ശിക്കുകയായിരുന്നു വി.എസ്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ എസ്.രാജേന്ദ്രന്‍, എം.എം മണി എന്നിവരെ കുറിച്ച് ചോദിച്ചപ്പോള്‍ രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്നതില്‍ സംശയമില്ലെന്ന് വി.എസ് പറയുകയായിരുന്നു. രാജേന്ദ്രന്‍ താമസിക്കുന്നത് കൈയേറിയ ഭൂമിയിലല്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി രാജേന്ദ്രന്‍ അടക്കമുള്ള ഇടുക്കിയിലെ സി.പി.എം നേതാക്കളെ ശക്തമായി ന്യായീകരിച്ചതിനു പിന്നാലെയാണ് വി.എസ്സിന്റെ അഭിപ്രായ പ്രകടനമെന്നതിന് വലിയ പ്രാധാന്യമുണ്ട്.
തന്റെ ഭരണകാലത്തെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പരാജയമായിരുന്നു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കും കടുത്ത മറുപടിയാണ് വി.എസ് നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം, യു.ഡി.എഫ് ഭരണകാലത്താണ് കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും വ്യാപകമായത്. അപ്പോള്‍ ചെന്നിത്തല ഉറങ്ങുകയായിരുന്നോ എന്ന് വി.എസ് ചോദിച്ചു. ഒരേക്കര്‍ ഭൂമിയോ ഒരു അനധികൃത കെട്ടിടമോ യു.ഡി.എഫ് കാലത്ത് ഒഴിപ്പിച്ചിട്ടില്ല. എല്ലാ കയ്യേറ്റങ്ങളുടെയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടി ഉണ്ടായിരുന്നു. തന്റെ കാലത്ത് ഒഴിപ്പിച്ച കെട്ടിടങ്ങള്‍ ഇപ്പോഴും കാടു പിടിച്ച് കിടക്കുമ്പോള്‍ തിരുവഞ്ചൂര്‍ റവന്യൂ മന്ത്രി ആയിരുന്നപ്പോള്‍ ഒഴിപ്പിച്ച ചിന്നക്കനാലിലെ കെട്ടിടങ്ങള്‍ ഭൂമാഫിയക്ക് തിരികെ കിട്ടിയത് എങ്ങനെയെന്ന് ചെന്നിത്തല അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
അനിയന്ത്രിതമായ കയ്യേറ്റം മൂലം പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ മൂന്നാറിന്റെ കാലാവസ്ഥയില്‍ വലിയ മഠം ഉണ്ടായിരിക്കുന്നു. റിസോര്‍ട്ടുകളില്‍ താമസിക്കാനാണ് ടൂറിസ്റ്റുകള്‍ വരുന്നത് എന്നാണ് ഭൂമാഫിയയുടെ വക്താക്കള്‍ പറയുന്നത്. മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ ആസ്വദിക്കാനാണ് സഞ്ചാരികള്‍ വരുന്നത് എന്ന് മനസിലാക്കണം. ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ അനുവദിക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ വാഗ്ദാനം നടപ്പിലാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വി.എസ് പറഞ്ഞു.