
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തുനിന്നും ദാമോദരന്‍ പിന്മാറിയതിനു പിന്നാലെ വിഎസിനെതിരെ വിമര്‍ശനവുമായി ദാമോദരന്‍ രംഗത്തെത്തിയിരുന്നു. അങ്ങാടിയില്‍ തോറ്റതിനു അമ്മയോടെന്നപോലെയാണ് ദാമോദരന്റെ പ്രതികരണമെന്നാണ് വിഎസ് പറഞ്ഞത്.
തനിക്കെതിരെയുള്ള ദാമോദരന്റെ ആരോപണം പുച്ഛിച്ചു തള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയതുകൊണ്ടാണ് ദാമോദരന്‍ പിന്മാറിയതെന്നും വിഎസ് ആരോപിച്ചു.
സുശീല ഭട്ട് നല്ല അഭിഭാഷകയാണ്. സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടാണു മുഖ്യമന്ത്രിക്കു കത്തു നല്‍കിയതെന്നും വിഎസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു ദാമോദരന്‍ പറഞ്ഞിരുന്നു. വ്യക്തിഹത്യ നടത്താന്‍ ശ്രമമുണ്ടായി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു ശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. വിധിയുണ്ടാകും വരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കകം കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനുപിന്നില്‍ ആരെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞിരുന്നു.