പിണറായി സർക്കാർ പണക്കൊഴുപ്പുകൾക്കൊപ്പം !! ജനങ്ങളുടെ ജീവനും സ്വത്തും ഭൂമാഫിയകളുടെ പണക്കൊഴുപ്പിന് വിട്ടുകൊടുക്കാനുള്ളതല്ല.പാറഖനനം അനുവദിച്ച സര്‍ക്കാരിനെതിരെ വിഎസ്

തിരുവനന്തപുരം :പിണറായി വിജയൻ മനുഷ്യരുടെ ജീവനും സ്വന്തത്തിനും പുല്ലുവിലയാണ് കല്പിച്ചിരിക്കുന്നത് .പ്രളയത്തിന്റെയും മലയിടിച്ചിലിന്റെയും പശ്ചാത്തലത്തിലും പാറഖനനം അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മാണം എന്ന കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഓഗസ്റ്റ് ഒമ്പതിന് ഏര്‍പ്പെടുത്തിയ നിരോധനം പ്രളയത്തിന്റെ മുറിപ്പാടുകള്‍ ഉണങ്ങുംമുമ്പ് തന്നെ പിണറായി സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിയണമെന്നാണ് വി.എസിന്റെ കുറിപ്പ്. ‘ഭൂമാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും” അദ്ദേഹം പറയുന്നു.

മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്റേയും തടയണകളുടേയും ക്വാറികളുടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളില്‍നിന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കനത്തമഴയും പ്രളയവും ഉണ്ടായ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍ മഴ മാറിയതിന് പിന്നാലെ ഈ നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിന്‍വലിച്ചിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് അനുമതി നല്‍കിയത്. ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണെന്നാണ് കണക്ക്.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കേരളം രണ്ടാമത്തെ പ്രളയവും കടന്നുപോയിരിക്കുന്നു. ഇപ്പോഴും വീണ്ടെടുക്കാനുള്ള മൃതദേഹങ്ങള്‍ മണ്ണിനടിയിലാണ്. മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്റേയും തടയണകളുടേയും ക്വാറികളുടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളില്‍നിന്ന് കാണുന്നത്. താഴ്വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്.

ഇക്കാര്യത്തില്‍ ശാസ്ത്രീയ കാഴ്ച്ചപ്പാടുയര്‍ത്തിപ്പിടിച്ച് നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല. താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. അത് കേരള ജനതക്ക് വേണ്ടിയാണ്; സുസ്ഥിര വികസനം എന്ന ഇടതുപക്ഷ കാഴ്ച്ചപ്പാടിനു വേണ്ടിയാണ്. ഭൂ മാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും.

Top