ന്യൂഡല്‍ഹി: ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് ദല്‍ഹി കേരള ഹൗസിലും കടുത്ത അവഗണന. അദ്ദേഹം ആവശ്യപ്പെട്ട മുറി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതില്‍ വിഎസ് പരസ്യമായി പ്രതിഷേധവും രേഖപ്പെടുത്തി.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന 204ാം നമ്പര്‍ മുറിയാണ് വിഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്നലെ കേരള ഹൗസിലെത്തിയപ്പോള്‍ ഈ മുറി നല്‍കാനാവില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. തുടര്‍ന്ന് വിഎസ്സിന്റെ എതിര്‍പ്പ് അവഗണിച്ച് 104ാം നമ്പര്‍ മുറി അനുവദിച്ചു. ഇതിനെതിരെ വിഎസ് പരാതിപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ ആവശ്യപ്പെട്ട മുറി തന്നെ നല്‍കാമെന്ന് അധികൃതര്‍ നിലപാടിലെത്തി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദല്‍ഹിയിലെത്തിയ മന്ത്രി സി. രവീന്ദ്രനാഥിന് വിഎസ് ആവശ്യപ്പെട്ട മുറി അനുവദിച്ചതാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് കേരള ഹൗസ് അധികൃതരുടെ വിശദീകരണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മന്ത്രി ഒഴിഞ്ഞപ്പോഴാണ് വിഎസ്സിന് മുറി ലഭിച്ചത്. നേരത്തെ തിരുവനന്തപുരത്ത് വിഎസ്സിന് ഓഫീസും മറ്റ് സൗകര്യങ്ങളും നല്‍കാത്തതും വിവാദമായിരുന്നു.