ന്യൂഡല്‍ഹി :പാര്‍ട്ടി പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും പ്രായപരിധി നിശ്‌ചയിച്ചിട്ടില്ലെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കി.ഇത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയാകുന്നതിനു സീതാറാം യെച്ചൂരിയുടെ പച്ചക്കൊടിയാണെന്ന് സൂചന . വി.എസിനും ഇതു ബാധകമാണെന്നും അദ്ദേഹത്തിന്റെ ഊര്‍ജസ്വലത കണ്ടുപഠിക്കണമെന്നും യെച്ചൂരി പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. മത്സരിക്കുന്നതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാകുന്നു. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് നേതാക്കള്‍ക്ക് സി.പി.എം. പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനത്തോടെയാണ് ഇത് വീണ്ടും ചര്‍ച്ചയാകുന്നത്. ജനങ്ങളോടുള്ള ബന്ധം തുടരുവോളം നേതാക്കള്‍ക്ക് പൊതുരംഗത്തു നില്‍ക്കാമെന്ന് പറഞ്ഞ യെച്ചൂരി ഇത് വി.എസിനും ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ക്കും ഉപരിഘടകങ്ങളിലെ അംഗത്വത്തിനും പ്രായപരിധിയും തുടര്‍ച്ചയായ മൂന്നു ടേമെന്ന കാലപരിധിയും ബാധകമാക്കിയ പാര്‍ട്ടിയാണ് സി.പി.എം. ഇതു പ്രകാരം വിശാഖപട്ടണത്തു നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി നടന്ന ബ്രാഞ്ച് തലം മുതലുള്ള പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ ഒഴിയുകയും ചെയ്തു. എന്നാല്‍ ഈ നിബന്ധന തിരഞ്ഞെടുപ്പുകളില്‍ ബാധകമല്ലെന്ന സൂചനയാണ് യെച്ചൂരി നല്‍കിയിരിക്കുന്നത്.
ജനങ്ങളുമായി ബന്ധമുള്ളവര്‍ക്കു പാര്‍ട്ടിയിലും പൊതുരംഗത്തും തുടരാം. തദ്ദേശതെരഞ്ഞെടുപ്പില്‍ വി.എസിന്റെ പ്രചാരണം പാര്‍ട്ടിയില്‍നിന്നു വേറിട്ടതായിരുന്നില്ല. വി.എസ്. ഒറ്റയ്‌ക്കല്ല പ്രചാരണം നടത്തിയത്. കൂട്ടായ പ്രചാരണമായിരുന്നു. കേരളത്തില്‍ ബി.ജെ.പി. വോട്ടുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുകളാണ് ബി.ജെ.പിയിലേക്ക് ചോര്‍ന്നത്-അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച വി.എസിനെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ യോഗത്തിനിടെ അഭിനന്ദിച്ചു. കേന്ദ്രകമ്മിറ്റി ചേരുന്നതിനുമുമ്പു നടന്ന കൂടിക്കാഴ്‌ചയില്‍ യെച്ചൂരി നേരിട്ടും വി.എസിനെ അഭിനന്ദനം അറിയിച്ചു. അതേസമയം, സംസ്‌ഥാനഘടകത്തിലെ വിഭാഗീയത പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്തും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ നായകനാരാണെന്നതിനെച്ചൊല്ലി വിവാദം ഉയര്‍ന്നു വന്നിരുന്നു. സി.പി.ഐ. നിയമസഭാകക്ഷിനേതാവ് സി.ദിവാകരനാണ് ഇത്തരമൊരു വിവാദത്തിന് തിരി കൊളുത്തിയത്. എന്നാല്‍ പിന്നീട് ഈ വിവാദം കെട്ടടങ്ങിയെങ്കിലും സീതാറാം യെച്ചൂരിയുടെ അഭിപ്രായ പ്രകടനത്തോടെ പാര്‍ട്ടിക്കുള്ളിലും പുറത്തും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കാ നാണ് സാദ്ധ്യതകള്‍. യെച്ചൂരിയുടെ നിലപാടിനോടുള്ള സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ പ്രതികരണമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന് നേതൃത്വം വഹിച്ചതും വി.എസായിരുന്നു. ഏറെക്കാലത്തിനു ശേഷം സി.പി.എം. സംസ്ഥാനനേതൃത്വവും വി.എസും ഒറ്റക്കെട്ടായി പ്രചാരണരംഗത്തു നിലയുറപ്പിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ മികച്ച പ്രകടനത്തിന്റെ കാരണമായി വിലയിരുത്തപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ക്കെതിരേയും വര്‍ഗീയനിലപാടുകള്‍ സ്വീകരിക്കുന്നെന്ന് ആരോപിച്ചും ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം. കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഓരോ മേഖലയിലെയും പ്രദേശികവിഷയങ്ങള്‍ കൂടി ഉന്നയിച്ചായിരിക്കും പ്രക്ഷോഭം നടത്തുകയെന്നു യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നു മുതല്‍ ബാബറി മസ്‌ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ആറ് വരെയാണ് സി.പി.എം, സി.പി.ഐ, സി.പി.ഐ. (എം.എല്‍) ലിബറേഷന്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍.എസ്.പി, എസ്.യു.സി.ഐ. കമ്യൂണിസ്‌റ്റ് എന്നീ കക്ഷികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുക.