ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും സിപിഎം ലൈംഗികാരോപണക്കുടുക്കില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വീണ്ടും ലൈംഗികാരോപണക്കുടുക്കില്‍. ചെര്‍പ്പുളശ്ശേരി പീഡനം ഡെമോക്ലിസിന്റെ വാള്‍ പോലെ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് ആലപ്പുഴയിലും പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ആരോപണ വിധേയനായ ആലപ്പുഴയിലെ ജില്ലാക്കമ്മിറ്റി അംഗത്തിനെതിരേ യുവതിയുടെ ഭര്‍ത്താവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ജില്ലാക്കമ്മറ്റിയംഗവും ഭാര്യയും തമ്മിലുള്ള അവിഹിതബന്ധം നേരില്‍ കാണേണ്ടി വന്നിട്ടുള്ളതായാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ആരോപണം ജില്ലാക്കമ്മറ്റിയംഗം നിഷേധിച്ചു. കുടുംബവഴക്കില്‍ ഇടപെട്ടതിന്റെ പ്രതികാരം ഭര്‍ത്താവ് തീര്‍ത്തതാണെന്നാണ് ആരോപണ വിധേയന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന കമ്മറ്റിയും പറഞ്ഞു. എന്നാല്‍ ദീര്‍ഘകാലമായി തുടര്‍ന്ന് വന്നിരുന്ന കാര്യം നേതാക്കള്‍ ഒതുക്കുകയായിരുന്നെന്നാണ് ആരോപണം. ഈ മാസം 17 നാണ് യുവാവ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കഴിഞ്ഞ ദിവസമാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ ആലപ്പുഴയിലും വിവാദം ഉയര്‍ന്നിരിക്കുന്നത് സിപിഎമ്മിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

പാലക്കാട് ചെര്‍പ്പുളശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് യുവതി പീഡനത്തിനിരയായെന്ന വിവാദം കഴിഞ്ഞയാഴ്ചയാണ് ഉയര്‍ന്നത്. പരാതിയില്‍ പോലീസിനു രഹസ്യമൊഴി നല്‍കിയ യുവതി മജിസ്ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ചതായിട്ടാണ് സൂചന. 2018 ജൂണില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ ഡിവൈഎഫ്ഐയുടെ മുറിയില്‍ വെച്ച് കുടിക്കാന്‍ പാനീയം നല്‍കി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് പോലീസിന് യുവതി നല്‍കിയ ആദ്യ മൊഴി. യുവതി മൊഴിയില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ ചെര്‍പ്പുളശ്ശേരി സ്വദേശിയായ പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി.പ്രകാശനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ഇതോടെ തെളിവെടുപ്പ് നടപടികളിലേക്ക് പോലീസ് കടക്കും. പരാതിക്കാരിയും ആരോപണവിധേയനും പാര്‍ട്ടിക്കാരനല്ലെന്നാണ് സിപിഎം വിശദീകരണം. യുവതി പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ മങ്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്.

Top