
കൊച്ചി: അമ്മയില്‍ നിന്നും നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് വി എസ് അച്യുതാനന്ദന്‍. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും വിഎസ് പറഞ്ഞു. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയില്‍നിന്നും ആക്രമിക്കപ്പെട്ട നടി അടക്കം നാലുപേര്‍ രാജിവച്ചിരുന്നു. രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം രാജിവച്ച മറ്റു മൂന്നുപേര്‍. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫെയ്ബുക്ക് പേജിലൂടെയാണ് ഇവര്‍ രാജിക്കാര്യം അറിയിച്ചത്. അതേസമയം, വുമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളായ മഞ്ജു വാര്യര്‍, രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ അമ്മയില്‍നിന്നും രാജിവച്ചിട്ടില്ല.
തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു മുമ്പ് ഈ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വയ്ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.