തിരുവനന്തപുരം :സി.പി.എമ്മിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പിണറായിയുടെ ‘കേരളം പിടിക്കാനുള്ള ‘നവകേരള യാത്രയെ കണക്കറ്റു പരിഹസിച്ച് കോണ്‍ഗ്രസിന്റെ യുവ എം .എല്‍ .എ വി.ടി ബല്‍റാം .ബ്രൈറ്റ്നെസ് കൂട്ടി ഫോട്ടോഷോപ്പില്‍ മുഖം മിനുക്കി’യാണ് പിണറായി വരുന്നത്ന്നാണ് പരിഹാസം .നരേന്ദ്ര മോദിയുടെ ഫോട്ടോഷോപ്പിനെ പരിഹസിക്കുന്നതിനെ അനുകരിക്ക്കുന്നതുപോലെ പീനറായി വിജയനും ഫോട്ടോഷോപ്പില്‍ അനുകരിക്കുന്നു എന്ന പരിഹാസം ആണോ എന്നും സംശയം ജനിക്കുന്ന പരിഹാസവും ദിഫി നേതാക്കളേയും സി.പി.എമ്മിന്റെ ആള്‍ക്കൂട്ടത്തേയും കണക്കിനു പരിഹസിക്കുന്നു.ഡി.വൈ .എഫ് .ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ‘വെളിച്ചമെത്തുമ്പോള്‍ ഇരുട്ടിനു ഭയം’ എന്ന് പോസ്റ്റിനെ പരിഹസിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത് .
ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :
ബ്രൈറ്റ്നെസ് കൂട്ടി ഫോട്ടോഷോപ്പില്‍ മുഖം മിനുക്കി വീണ്ടുമൊരാള്‍ കൂടി വരുന്നത് കാണുമ്പോള്‍ ഭയം തോന്നുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്.
“വെളിച്ചമെത്തുമ്പോള്‍ ഇരുട്ടിന് ഭയം” എന്ന തലക്കെട്ടിലുള്ള ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിച്ചു. “ഞങ്ങടെ നേതാവിനെ വിമര്‍ശിക്കാന്‍ മാത്രം നീയൊക്കെ വളര്‍ന്നോടാ ചള്ള് ചെക്കാ” എന്ന മട്ടിലുള്ള ഫേസ്‌ബുക്കിലെ പതിവ് ഡിഫി ഭാഷയല്ല സംസ്ഥാന സെക്രട്ടറിയുടേത് എന്ന് കാണുമ്പോള്‍ സന്തോഷമുണ്ട്.
പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍ നടത്തുന്ന നവകേരള മാര്‍ച്ചിന് നല്ലവണ്ണം ആളുകൂടുന്നുണ്ടെന്ന് ആരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും പരിപാടികളില്‍ അണികളെ പങ്കെടുപ്പിക്കാന്‍ സിപിഎമ്മിന് കേരളത്തില്‍ എന്നും കഴിഞ്ഞിട്ടുണ്ട് എന്നതും എല്ലാവരും അംഗീകരിക്കാറുണ്ട്. സിപിഎം കേരളത്തില്‍ 140ല്‍ നൂറ് സീറ്റിലും തോല്‍ക്കുമ്പോഴും അവരുടെ പരിപാടികളില്‍ യു.ഡി.എഫിനേക്കാള്‍ ജനക്കൂട്ടം പങ്കെടുത്തുകണ്ടിട്ടുണ്ട്. പാര്‍ട്ടി ഏതാണ്ട് നാമാവശേഷമായ ബംഗാളില്‍ ഈയിടെ നടന്ന പ്ലീനസമ്മേളനത്തിലും വന്‍ജനക്കൂട്ടം ഉണ്ടായതായി കേട്ടു. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ പേരില്‍ സൈബര്‍ സിപിഎമ്മുകാര്‍ നടത്തുന്ന അമിതമായ അവകാശവാദങ്ങളും നെഗളിപ്പുമാണ് ഇവിടെ അപഹാസ്യമാവുന്നത്. ജനപങ്കാളിത്തം കുറവാണെന്നമട്ടില്‍ കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനരക്ഷായാത്രയെ അപഹസിക്കുന്ന തരത്തില്‍ ഉള്ള സൈബര്‍ പ്രചരണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഈ വിഷയത്തിലുള്ള എന്റെ ആദ്യ പോസ്റ്റ്. എന്നാല്‍ കോണ്‍ഗ്രസിന്റെ പതിവ് രീതി വെച്ച് നോക്കുമ്പോള്‍ എത്രയോ മികച്ച ജനപങ്കാളിത്തമാണ് ഇത്തവണത്തെ യാത്രക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് തന്നെയാണ് വാസ്തവം. സ്വരാജിന് പ്രത്യേക താത്പര്യമുള്ള തൃത്താലയിലടക്കം ഇക്കഴിഞ്ഞദിവസം ജനരക്ഷായാത്രക്ക് ലഭിച്ച വരവേല്‍പ്പിനെക്കുറിച്ച് ഇന്നാട്ടിലെ പാര്‍ട്ടിക്കാരോട് ഒന്നന്വേഷിക്കുന്നത് നല്ലതാണ്.
“പിണറായിക്കെതിരെ വിമര്‍ശനമുയര്‍ത്താന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. തീര്‍ച്ചയായും ആ സ്വാതന്ത്ര്യം ബല്‍റാമിനുമുണ്ട്.” എന്ന് സ്വരാജ് ഇവിടെ പറയുന്നുണ്ടെങ്കിലും ആ സ്വാതന്ത്ര്യം അനുവദിച്ച് തരാന്‍ സ്വരാജിന്റെ പാര്‍ട്ടിക്കാരായ എത്രപേര്‍ സമ്മതിക്കുന്നുണ്ട് എന്ന് എന്റെ ആദ്യ പോസ്റ്റിനു വന്ന കമന്റുകള്‍ ഒന്ന് വായിച്ചാല്‍ മനസ്സിലാവും. മോഡിയെ വിമര്‍ശിക്കുമ്പോള്‍ സംഘികള്‍ നടത്തുന്ന തെറിവിളിയും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം മലയാളഭാഷാ വിദഗ്ദര്‍ ആയ ആരെങ്കിലും പറഞ്ഞുതന്നാല്‍ നന്നായിരുന്നു. ഞാനുയര്‍ത്തുന്ന “രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്ത്വവും ആസൂത്രിത അഴിമതികളും” എന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. തെളിവുകള്‍ ഹാജരാക്കി നിയമപരമായി മുന്നോട്ട് പോയി കോടതിയില്‍ തെളിയിക്കുന്നത് വരെ ഒരു വ്യക്തിയും ആരോപണങ്ങള്‍ ഉന്നയിക്കരുത് എന്നാണ് വാദമെങ്കില്‍ രാഷ്ട്രീയത്തില്‍ അതെത്രത്തോളം പ്രായോഗികമാണെന്ന് സ്വരാജും സി പി എമ്മും തന്നെ തങ്ങളുടെ പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണ്. ഈ ഗവണ്മെന്റിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിപക്ഷം ചാനല്‍ മുറികളില്‍ ഉന്നയിക്കുന്നതും നാടുനീളെ അശ്ലീല ഫ്ലക്സുകളില്‍ ഉയര്‍ത്തുന്നതുമായ എത്ര ആരോപണങ്ങള്‍ക്ക് ഇതുവരെ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്? ഏതായാലും അക്രമരാഷ്ട്രീയത്തിന്റെ സൂത്രധാരത്ത്വത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ ഒരു ജില്ലാ സെക്രട്ടറി ഇപ്പോള്‍ സി ബി ഐയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി “ആ നിലവിളി ശബ്ദമിടൂ” എന്ന് പറഞ്ഞ് ആംബുലന്‍സില്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുന്നത് കേരളജനത കണ്ടുകൊണ്ടിരിക്കുന്നു എന്ന് മറക്കരുത്. ആസൂത്രിത അഴിമതിയുടെ കാര്യത്തിലും അധികം വൈകാതെ ഒരു തീരുമാനമാവും എന്ന് പ്രതീക്ഷിക്കുന്നു.
ചാവക്കാട്ടെ കൊലപാതകത്തെ സംബന്ധിച്ച് “പക്ഷെ ബല്‍റാമിന്റെ മൂക്കിന്‍ തുമ്പില്‍ നടന്ന പ്രസ്തുത കൊലപാതകങ്ങളുടെ “സൂത്രധാരത്വ”ത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പാര്‍ടിയിലെ തന്നെ ചിലര്‍ വിരല്‍ചൂണ്ടിയത് ബല്‍റാമിനു നേരെയായിരുന്നു.” എന്ന് സ്വരാജ് പറയുന്നത് അത്ഭുതത്തോടെയാണ് വായിച്ചത്. കാരണം എന്റെ പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട ആരെങ്കിലും ഇതുവരെ എനിക്കെതിരെ ഇങ്ങനെ പറഞ്ഞതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എവിടെയാണ് സ്വരാജ് ഇങ്ങനെ വായിച്ചതെന്ന് സോഴ്സ് തന്നാല്‍ അറിയാനെനിക്കും താത്പര്യമുണ്ട്. ഇവിടെ സ്വരാജിന്റെ കൗശലം എനിക്കിഷ്ടപ്പെട്ടു; “ബല്‍റാമിനെതിരെ ഇങ്ങനെ ഒരാരോപണമുണ്ട്, ഞാന്‍ മാന്യനായത് കൊണ്ട് അത് പറയുന്നില്ല” എന്നാണ് സ്വരാജിന്റെ ലൈന്‍. അദ്ദേഹം ഇല്ലാത്ത കേസ് സ്വയം ഉണ്ടാക്കി സ്വയം വാദിച്ച് സ്വയം മാന്യനായി വിധിപ്രഖ്യാപിക്കുകയാണ്.
“ആധുനിക ജനാധിപത്യത്തില്‍ തെരുവിലെ ആള്‍ക്കൂട്ടത്തിന്റെ വലുപ്പം ശരി തെറ്റുകളുടെ അളവു കോലല്ല” എന്ന് ഞാന്‍ പറഞ്ഞത് പേരില്‍ത്തന്നെ ജനാധിപത്യം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു യുവജനസംഘടനയുടെ നേതാവിന് മനസ്സിലാവുന്നില്ല എന്നത് അത്ഭുതകരമാണ്. ഡെമോക്രസിയും മോബോക്രസിയും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തെ പഠിപ്പിക്കാന്‍ ഏതായാലും എനിക്ക് സമയമോ താത്പര്യമോ ഇല്ല.
“മുണ്ടുടുത്ത മുസോളിനി” എന്ന പ്രയോഗം എന്റേതല്ല, ഞാന്‍ മനസ്സിലാക്കുന്നിടത്തോളം മാധ്യമനിരീക്ഷകനും സിപിഐ അഭിഭാഷക സംഘടനയുടെ നേതാവുമായ അഡ്വ. ജയശങ്കറിന്റെതാണ്. മുസോളിനി, ഹിറ്റ്ലര്‍ എന്നീ പ്രയോഗങ്ങള്‍ അനുയോജ്യമല്ലെങ്കില്‍ സ്റ്റാലിന്‍, പോള്‍പോട്ട്, കിം ജോങ് ഉന്‍, ചെഷസ്ക്യു തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ താരതമ്യം ഉപയോഗിക്കുന്നതിലും എനിക്ക് എതിര്‍പ്പില്ല. ഹിറ്റ്‌ലര്‍ തങ്ങളുടെ അധികാരപരിധിയിലേക്ക് കയറിയപ്പോള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണമുള്ള സോവിയറ്റ് യൂണിയന് പൊള്ളിയത് എന്നും അതുവരെ അനാക്രമണ സന്ധിയൊക്കെ വെച്ച് ഹിറ്റ്‌ലറും സ്റ്റാലിനും ഭായി ഭായി കളിക്കുകയായിരുന്നു എന്നും ചരിത്രത്തില്‍ ഒന്ന് പരതിയാല്‍ മനസ്സിലാകും.
“ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതില്‍ ദു:ഖിക്കുന്നവരാണു ഞങ്ങള്‍” എന്ന് സ്വരാജ് പറയുമ്പോള്‍ പണ്ട് വിദ്യാര്‍ത്ഥി കാലം മുതലേ സ്വരാജിനെ അറിയാവുന്ന എനിക്ക് അതിശയം തോന്നുന്നില്ല. എന്നാല്‍ ഞാന്‍ പറഞ്ഞത് സ്വരാജിനെക്കുറിച്ചല്ലല്ലൊ, അദ്ദേഹത്തിന്റെ നേതാവിനെ കുറിച്ചല്ലേ. ടി പി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം നടത്തിയ പത്രസമ്മേളനത്തില്‍പ്പോലും “കുലംകുത്തി എന്നും കുലംകുത്തി തന്നെ” എന്ന് പറഞ്ഞ ഇരട്ടച്ചങ്കുകാരന്‍ ദു:ഖമാണോ ആഹ്ലാദമാണോ കഠോരഹൃദയതയാണോ വെളിപ്പെടുത്തിയത് എന്ന് കേരളീയസമൂഹം വിലയിരുത്തട്ടെ. ടി പി യുടെ വീട്ടില്‍പ്പോയി തന്റെ ദു:ഖം പങ്കുവെക്കാന്‍ സ്വരാജിന് ഇതുവരെ കഴിയാതിരുന്നത് പോകട്ടെ, അവിടെ പോയതിന് വന്ദ്യ വയോധികനായ പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റിന് വിധേയനാകകണമെന്ന് പറഞ്ഞത് ദു:ഖഭാരം കാരണമായിരിക്കുമെന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
“എല്ലാ കൊലപാതകങ്ങളെയും ഒരുപോലെ തള്ളിപ്പറയാനുള്ള ആര്‍ജ്ജവമുണ്ടാവാന്‍ ഇപ്പോഴത്തെ ഖദര്‍ ഒരു തടസമാണോ ആവോ?” എന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഞാനടക്കം ഒരു കോണ്‍ഗ്രസുകാരനും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. കാരണം മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ച ഈ ഖദര്‍ വസ്ത്രം തന്നെയാണ് എല്ലാത്തരം അക്രമങ്ങള്‍ക്കുമെതിരെ ഒരുപോലെ നിലപാട് എടുക്കാനുള്ള ഊര്‍ജ്ജസ്രോതസ്. എന്റെ പാര്‍ട്ടിക്കാര്‍ ആരോപണവിധേയരായതടക്കം ഏതെങ്കിലും കൊലപാതകത്തെ ഞാന്‍ ന്യായീകരിച്ച് സംസാരിച്ചതായി ഡിവൈഎഫ്ഐ നേതാവിന് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? സ്വരാജ് ഉന്നയിച്ച ഹനീഫ വധത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസിലെ ആര്‍ക്കെങ്കിലും അതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ആദ്യവ്യക്തികളില്‍ ഞാനുണ്ടായിരുന്നു. എന്നാല്‍ ടി.പി.യെ കൊന്നതിനെക്കുറിച്ച് സ്വരാജോ സി പി എമ്മിന്റെ ഏതെങ്കിലും നേതാവോ അഭിപ്രായം പറഞ്ഞത് എന്ന് തൊട്ടാണ്? നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കേസ് എടുത്താല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തീപ്പന്തമാവും എന്ന് ഏതെങ്കിലും നേതാവ് പറഞ്ഞതായി ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? ജയിലിലുള്ള പ്രതികളുടെ സുഖവിവരം അന്വേഷിക്കാന്‍ ഏതെങ്കിലും കോണ്‍ഗ്രസ് എംഎല്‍എ പോയതായി ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? ഈ വൈരുദ്ധ്യം വസ്തുനിഷ്ഠമായി തെളിവ് സഹിതം ചര്‍ച്ച ചെയ്യാനാണ് ഞാനന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്. അതിലൊരു അപകാതയും ഇന്നും തോന്നുന്നില്ല.
ശരിയാണ് സ്വരാജ്, ചിലരുടെ വരവ് കാണുമ്പോള്‍ ഞാനടക്കമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ഭയം തോന്നുന്നുണ്ട്. അത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ഒന്നര വര്‍ഷം മുന്‍പ് ഏതാണ്ട് ഇതേ മട്ടിലാണ് ഭൂതകാലത്തെ മറച്ച് ഫോട്ടോഷോപ്പില്‍ മുഖം മിനുക്കി ഒരാള്‍ കടന്നുവന്നത്. അദ്ദേഹത്തിനും വലിയ ആള്‍ക്കൂട്ടത്തിന്റെ അകമ്പടി ഉണ്ടായിരുന്നു. പക്ഷെ ആ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.