വാഷിംഗ്ടണ്‍ : ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) ധനസഹായം നിര്‍ത്തലാക്കാനുള്ള പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിന് പിറകെ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം രാജി വെയ്ക്കുന്നതുവരെ യാതൊരു ധനസഹായവും പുനരാരംഭിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതുവരെ 2,170,000 ത്തിലധികം പേരെ ബാധിക്കുകയും ലോകമെമ്ബാടുമുള്ള 144,000 പേരെ കൊന്നൊടുക്കുകയും ചെയ്ത മാരകമായ കൊറോണ വൈറസ് വ്യാപരിക്കാന്‍ കാരണം ലോകാരോഗ്യ സംഘടനയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഘടനയ്ക്ക് നല്‍കിക്കൊണ്ടിരുന്ന ധനസഹായം നിര്‍ത്തിവെച്ചെന്ന് പ്രഖ്യാപിച്ചത്. അതോടൊപ്പം കൊറോണ വൈറസിന്‍റെ വ്യാപനം കര്‍ശനമായി കൈകാര്യം ചെയ്യുന്നതിലും പ്രതിരോധിക്കുന്നതിലും ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുതിനായി ഒരു അവലോകനം നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ച, ജനപ്രതിനിധിസഭയുടെ വിദേശകാര്യ സമിതിയിലെ ട്രംപിന്‍റെ സഹ റിപ്പബ്ലിക്കന്‍മാരില്‍ പതിനേഴ് പേര്‍ പ്രസിഡന്‍റിന്റെ തീരുമാനത്തെ പിന്തുണച്ച് കത്തയച്ചു. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്‍റെ രാജിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് അവര്‍ കത്തില്‍ ട്രംപിനോട് ആവശ്യപ്പെട്ടു.
ലോകാരോഗ്യസംഘടന ചൈനയോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നും, ചൈനന നല്‍കിയ വിവരങ്ങളെ ആശ്രയിച്ചുവെന്നും ട്രംപ് ആരോപിച്ചു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ പ്രചരിപ്പിച്ച ‘പ്രസരണത്തെയും മരണത്തെയും കുറിച്ചുള്ള എല്ലാത്തരം തെറ്റായ വിവരങ്ങളും’ ഡബ്ല്യുഎച്ച്‌ഒ മുഖവിലയ്ക്കെടുത്തതായി അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ ആഗോള ആരോഗ്യ പ്രതിസന്ധിയുടെ വ്യാപ്തിക്ക് കാരണക്കാരായ ലോകാരോഗ്യ സംഘടനയെയും ചൈനയെയും ടെഡ്രോസ് അദാനോം ഗെബ്രിയേസസിനേയും തങ്ങള്‍ക്ക് ഇനി വിശ്വാസിക്കാനാവില്ലെന്നും, ടെഡ്രോസ് ഗെബ്രിയേസിന്റെ രാജി ഉടനടി ആവശ്യപ്പെടണമെന്നുമാണ് ഹൗസ് റിപ്പബ്ലിക്കന്‍സ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
ട്രംപിന്റെ നടപടി പല ലോക നേതാക്കളും ആരോഗ്യ വിദഗ്ധരും യുഎസ് ഡെമോക്രാറ്റുകളും അപലപിച്ചു. പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തില്‍ ടെഡ്രോസ് ഖേദം പ്രകടിപ്പിച്ചു. ഒരു പൊതു ഭീഷണിക്കെതിരായ ഞങ്ങളുടെ പൊതു പോരാട്ടത്തില്‍ നാമെല്ലാവരും ഐക്യപ്പെടേണ്ട സമയമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
‘നമ്മള്‍ ഭിന്നിച്ചു നില്‍ക്കുമ്ബോള്‍ കൊറോണ വൈറസ് നമുക്കിടയിലെ വിള്ളലുകള്‍ ഉപയോഗപ്പെടുത്തും’ എന്ന് അദ്ദേഹം ബുധനാഴ്ച ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തു നിന്ന് ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളെല്ലാം യു എസ് പ്രസിഡന്‍റിന്‍റെ പെട്ടെന്നുള്ള നീക്കത്തെ വിമര്‍ശിച്ചു. അമേരിക്കയില്‍ 674,000 ത്തിലധികം പേരെ ബാധിക്കുകയും 34,000 ത്തിലധികം പേര്‍ ഈ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.