ഏതു വലിയ പൂട്ടും ഒരു മിനിറ്റില്‍ തകര്‍ക്കും, പിടിച്ചാല്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടും: കുപ്രസിദ്ധ കള്ളന്‍ ഒടുവില്‍ പിടിയില്‍

തൊടുപുഴ: തൊടുപുഴ മണക്കാട് ജംഗ്ഷനിലുളള കപ്പേളയില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഏതു വലിയ പൂട്ടും പൊളിക്കാന്‍ ഒരു മിനുറ്റ്, പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായാല്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞ് രക്ഷപ്പെടും. വിചിത്രമായ രീതികളുള്ള ഒരു മോഷ്ടാവിനെയാണു കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് പിടികൂടിയത്. തിരുവന്തപുരത്ത് ആറു മോഷണങ്ങള്‍ ഒറ്റ രാത്രിയില്‍ നടത്തിയശേഷം തൊടുപുഴയിലെത്തിയ ഷാജിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയാരെന്നും മോഷണരീതി എങ്ങനെയെന്നും പുറത്തുവന്നത്.

തൊടുപുഴ മണക്കാട് ജംക്ഷനിലുള്ള കപ്പേളയില്‍ മോഷണം നടക്കുന്നതു ദിവസങ്ങള്‍ക്കു മുന്‍പാണ്. മുന്‍പ് കുറ്റകൃത്യങ്ങളില്‍ പ്രതികളായ ചിലര്‍ നാട്ടിലെത്തിയിട്ടുണ്ടെന്നും, അവരോടൊപ്പം ഒരു പുതിയ ആളെ കണ്ടുവെന്നും നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് ആ വഴിയില്‍ അന്വേഷണം പുരോഗമിച്ചു. ഇതിനിടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സംശയകരമായ നിലയില്‍ കണ്ട ഷാജിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിനിടെ വസ്ത്രത്തില്‍നിന്ന് നാണയത്തുട്ടുകളും നോട്ടുകളും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം െചയ്തപ്പോള്‍ കപ്പേളയില്‍ മോഷണം നടത്തിയത് താനാണെന്ന് അയാള്‍ സമ്മതിച്ചു. ജൂണ്‍ രണ്ടിനു മൂലമറ്റം ഫെറോന പള്ളിയിലെ ഭണ്ഡാരക്കുറ്റി തകര്‍ത്തതും അയാളാണെന്നു പൊലീസിന് വ്യക്തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊടുപുഴ പൊലീസ് ഇയാളുടെ ചിത്രം മറ്റുള്ള സ്റ്റേഷനുകളിലേക്കയച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പിടിയിലായത് ഷാജിയാണ്. കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട ഷാജി. പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് ഇയാള്‍.

പത്തനംതിട്ട തോണിക്കുഴി സ്വദേശിയായ ഷാജഹാനെന്ന ഷാജിക്ക് (44) ഏതു വലിയ പൂട്ടും തുറക്കാന്‍ ഒരു മിനുറ്റ് മതി. ബസിലും ട്രയിനിലും മറ്റു ജില്ലകളിലേക്കു പോകുന്ന ഷാജി റോഡരികിലെ കടകളും വീടുകളും നീരീക്ഷിക്കും. ജയില്‍വാസത്തിനിടെ പരിചയപ്പെടുന്നവരുമായി ചേര്‍ന്നാണു മോഷണം ആസൂത്രണം ചെയ്യുന്നതെന്നും പൊലീസ് പറയുന്നു. തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു മോഷണക്കേസില്‍ രണ്ടര വര്‍ഷമായി ജയിലിലായിരുന്ന ഷാജി മെയ് 26നാണു പുറത്തിറങ്ങിയത്.

കുറച്ചുനാള്‍ തിരുവനന്തപുരത്ത് താമസിച്ചശേഷം സുഹൃത്തും കുറ്റവാളിയുമായ അമ്ബിളി സുരേഷിനൊപ്പം നേമത്ത് മൊബൈല്‍ ഷോപ്, ജിംനേഷ്യം ഉപകരണം വില്‍ക്കുന്ന കട എന്നിവ ഉള്‍പ്പെടെ ആറു കടകള്‍ കുത്തിത്തുറന്നു. തുടര്‍ന്നു കൊല്ലത്തേക്കു പോയ ഇരുവരും മറ്റൊരു മോഷ്ടാവുമൊത്തു തൊടുപുഴയില്‍ മോഷണം നടത്തുന്നതിനു പദ്ധതിയിട്ടു.

ജൂണ്‍ ഒന്നിനു ഷാജിയും സംഘവും തൊടുപുഴയിലെത്തി. തൊട്ടടുത്ത ദിവസം മൂലമറ്റത്തു മോഷണം നടത്തി. 12നു തൊടുപുഴയിലെ മോഷണം നടത്തുന്നതിനു മുന്‍പു മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തി. തൊടുപുഴയിലെ മോഷണത്തിനുശേഷം ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിശ്രമിക്കുമ്‌ബോഴാണ് പൊലീസ് പിടിയിലാകുന്നത്.

പൊലീസിന്റെ പിടിയിലാകുകയോ നാട്ടുകാര്‍ പിടികൂടുകയോ ചെയ്താല്‍ മനുഷ്യ വിസര്‍ജ്യം ഏറിഞ്ഞു രക്ഷപ്പെടുന്നതാണു ഷാജിയുടെ രീതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസ്, പത്തനംതിട്ടയിലെ ക്ഷേത്ര മോഷണക്കേസ് എന്നിവയില്‍ ഷാജി പ്രതിയാണ്. തിരുവല്ലയില്‍ ഭവനഭേദനക്കേസും കോട്ടയത്ത് നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്.

Top