ന്യുയോർക്ക് :അമേരിക്കക്ക് യുദ്ധം ചെയ്യാന്‍ ഭയമാണെന്നാണ് ഇറാന്റെ പുതിയ പ്രസ്താവന. എന്നാല്‍ ഇറാനില്‍ ഇറക്കാന്‍ മനോഹരമായ ആയുധം തങ്ങള്‍ കരുതിയിട്ടുണ്ടെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാനും അമേരിക്കയും പിന്നോട്ടില്ലെന്ന് വ്യക്തമായതോടെയാണ് അമേരിക്കക്കാര്‍ക്ക് ഭയം ഏറിവരുന്നത്.ഇറാനുമായുള്ള ഏറ്റുമുട്ടലിന് യുഎസിന് ധൈര്യമില്ലെന്ന് ഇറാൻ സൈനിക തലവൻ മേജർ ജനറൽ അബ്ദുൽറഹീം മൗസവി വ്യക്തമാക്കി. ‘കോട്ട് ധരിച്ച ഭീകരനാണ്’ യുഎസ് പ്രസിഡന്റ് ട്രംപെന്ന് ഇറാൻ ഇൻഫർമേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി പ്രതികരിച്ചു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ട്വിറ്ററിലായിരുന്നു ഇറാൻ മന്ത്രിയുടെ പ്രതികരണം. ഇസ്‍ലാമിക് സ്റ്റേറ്റ്, ഹിറ്റ്ലർ, ജെങ്കിസ്ഖാന്റെ പടയാളികൾ എന്നിവരെല്ലാം സംസ്കാരത്തിന് എതിരായിരുന്നു. ട്രംപ് കോട്ടിട്ട ഭീകരനാണ്. ഇറാനെ പരാജയപ്പെടുത്താൻ ആര്‍ക്കും സാധിക്കില്ല. ചരിത്രം ട്രംപ് ഉടൻ പഠിക്കുമെന്നും ഇറാൻ മന്ത്രി ട്വീറ്റ് ചെയ്തു. ട്രംപിന്റെ തുടർച്ചയായുള്ള വിമർശനങ്ങൾക്കിടെയാണ് വെല്ലുവിളി ഉയർത്തി ഇറാനും രംഗത്തെത്തിയത്.യുഎസ് സ്ഥാപനങ്ങളെയോ പൗരന്മാരെയോ ഇറാൻ ആക്രമിച്ചാൽ കുറച്ച് പുതിയ ആയുധങ്ങൾ ഇറാനിലേക്ക് അയക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ടെന്നായിരുന്നു ട്രംപിന്റെ അവസാനത്തെ പ്രതികരണം. യുഎസ് പൗരന്മാർക്കെതിരെ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി അറിയിച്ചു. ഇന്ത്യയിലെ യുഎസ് ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളത്തിലേക്ക് എടുത്തെറിഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ്. ഇറാന്‍ സേനാ മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതോടെ മേഖല ആകെ ഭയത്തിലാണ്. തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വാക് പോര് ശക്തമായിരിക്കെ അമേരിക്കയിലും ഭയം ഏറുകയാണ്. ഇനിയൊരു യുദ്ധം വേണ്ട എന്നാവശ്യപ്പെട്ട് അമേരിക്കയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. 2011ലേതിന് സമാനമായ ആക്രമണം ഉണ്ടാകുമോ എന്നാണ് അവരുടെ ഭയം. മാത്രമല്ല, സൈനികരെ ഇനിയും യുദ്ധത്തിന് അയക്കരുതെന്നും ചിലര്‍ വാദിക്കുന്നു. തിരഞ്ഞെടുപ്പിന് കളമൊരുക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് സ്വന്തം നാട്ടിലെ പ്രക്ഷോഭം.
വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ പ്രധാന നഗരങ്ങളിലെല്ലാം ട്രംപിന്റെ യുദ്ധനീക്കത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ 3000 അമേരിക്കന്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇവരെ തിരിച്ചുവിളിക്കണമെന്നാണ് പുതിയ ആവശ്യം.
നീതിയില്ല, സമാധാനമില്ല. അമേരിക്കന്‍ സൈന്യം പശ്ചിമേഷ്യ വിട്ടു തിരിച്ചുവരണം എന്നാണ് വാഷിങ്ടണില്‍ സമരം നടത്തിയവരുടെ മുദ്രാവാക്യം. അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയവര്‍ പിന്നീട് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
70ലധികം അമേരിക്കന്‍ നഗരങ്ങളിലാണ് യുദ്ധത്തിനെതിരെ പ്രതിഷേധം നടന്നത്. യുദ്ധത്തിനും വംശീയതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈറ്റ് ഹൗസിന് പുറമെ, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, ചിക്കാഗോയിലെ ട്രംപ് ടവര്‍ എന്നിവിടങ്ങളിലും റാലി നടന്നു. ചര്‍ച്ച വഴിതിരിച്ചുവിടുകയാണോ ഉക്രെയിന്റെ ഭരണകാര്യങ്ങളില്‍ ചട്ടം ലംഘിച്ച് ഇടപെട്ട വിവാദത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കുറ്റവിചാരണ നേരിടുകയാണ് ട്രംപ്. പ്രതിനിധി സഭയില്‍ ട്രംപിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. സെനറ്റില്‍ വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇറാനുമായി യുദ്ധം വരുന്നത്. ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് സംഗീതജ്ഞന്‍ സാം ക്രൂക്ക് ആരോപിച്ചു.
മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണ് ട്രംപ് എന്ന് സാം ക്രൂക്ക് പറഞ്ഞു. രാജ്യത്തിന്റെ അമരത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ക്രൂക്ക് പറഞ്ഞു. പെന്റഗണ്‍ പേപ്പറുകള്‍ പരസ്യപ്പെടുത്തി ശ്രദ്ധേയനായ ഡാനിയല്‍ എല്‍സ്‌ബെര്‍ഗ്, ആക്ടിവിസ്റ്റ് ജാന്‍ ഫോണ്ട എന്നിവരും വാഷിങ്ടണിലെ പ്രതിഷേധത്തില്‍ പങ്കാളികളായി.അമേരിക്ക തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. എടുത്തുപറയാനുള്ള നേട്ടം ട്രംപ് ഭരണകൂടത്തിനില്ലെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇറാനുമായി യുദ്ധമുണ്ടാക്കിയാല്‍ ജനശ്രദ്ധ മാറുകയും അനുകൂല തരംഗമുണ്ടാകുകയും ചെയ്യുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.