പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം!!ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു; വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍

ടെഹ്‌റാന്‍:ഇറാന്റെ സേനാ കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നു. പ്രതികാരത്തിന്റെ കൊടുങ്കാറ്റിന് സൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു. ഖും എന്ന വിശുദ്ധ നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം ചെങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയുടെ അന്തരീക്ഷത്തിൽ വെടിമുഴക്കങ്ങളും വിമാനങ്ങളുടെ ചീറിപ്പായലുകളും ആവർത്തിക്കുകയാണ്. ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമാക്രമണം നടത്തിയ അമേരിക്ക ഇറാൻ ചാരത്തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതാണ് പുതിയ അസ്വസ്ഥതകൾക്ക് കാരണമായിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ട്രംപ് നേരിട്ട് നൽകിയ ഉത്തരവിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പെന്റഗൺ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ഉന്നത സൈനികരെയാണ് വധിച്ചിരിക്കുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപൂര്‍വമായി മാത്രമേ ഇറാനില്‍ ഇങ്ങനെ ചെയ്യാറുള്ളൂ. ഷിയാ മുസ്ലിങ്ങളുടെ നിയന്ത്രണത്തിലുള്ള പള്ളികളിലാണ് കൊടി നാട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അതേസമയം, അമേരിക്കയുടെയും സൗഹൃദ രാജ്യങ്ങളുടെയും 35 കേന്ദ്രങ്ങള്‍ ഇറാന്റെ പട്ടികയിലുണ്ടെന്ന് സേനാ കമാന്റര്‍ പ്രതികരിച്ചു. മേഖലയിലെ അമേരിക്കന്‍ പൗരന്‍മാരോട് തിരിച്ചുപോകാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു….

ഖും പ്രവിശ്യയിലെ ജാംകരന്‍ നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം ചെങ്കൊടി ഉയര്‍ന്നിട്ടുണ്ട്. സൈനികമായിട്ടാണോ അതോ സായുധ സംഘങ്ങളെ ഉപയോഗിച്ചാണോ ഇറാന്റെ തിരിച്ചടി എന്നത് വ്യക്തമല്ല. ശനിയാഴ്ച രാത്രി ഇറാഖില്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.ബഗ്ദാദിലെ സൈനിക കേന്ദ്രത്തിലും അമേരിക്കന്‍ എംബസി ഉള്‍പ്പെടെയുള്ള ഗ്രീന്‍ സോണിലുമാണ് ശനിയാഴ്ച രാത്രി റോക്കറ്റാക്രമണം ഉണ്ടായത്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഇറാന്‍ പ്രതികരിച്ചിട്ടില്ല.

മധ്യ പശ്ചിമേഷ്യയിൽ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന യുദ്ധാന്തരീക്ഷം പൊടുന്നനെ ഉണ്ടായല്ല. സ്വന്തം രാജ്യത്ത് ഭീഷണി നേരിടുകയും സമ്പദ്ഘടന തകരുകയും ജനജീവിതം ദുസ്സഹമായി തീരുകയും ചെയ്യുമ്പോൾ സ്വേച്ഛാധികാരികളായ എല്ലാ ഭരണാധികാരികളും സ്വീകരിക്കുന്ന അതേ തന്ത്രമാണ് ഇവിടെ ട്രംപും പരീക്ഷിക്കുന്നതെന്നേയുള്ളൂ. നേരത്തേ തന്നെ ഇറാനെയോ ലിബിയയെ ആക്രമിക്കേണ്ടിവരുമെന്ന് ട്രംപ് പറ‍ഞ്ഞിരുന്നത് ഇവിടെ നാമോർക്കണം. നിലയ്ക്കുനിർത്തുകയെന്ന വാക്കാണ് ഉപയോഗിക്കുക എന്നേയുള്ളൂ. സുലൈമാനിയുടെ വധത്തിലേയ്ക്ക് നയിച്ച ആക്രമണത്തിന് കാരണമായി പറയുന്നത് ഇസ്ലാമിക ഭീകരവാദം കയറ്റുമതി ചെയ്തു, ഇറാനിലെ ഇസ്ലാമിക ഭീകരവാദികളെ പിന്തുണച്ചു തുടങ്ങിയവയാണ്.

എന്നാൽ ചരിത്രത്തിന്റെ ഇന്നലെകൾ പരിശോധിച്ചാൽ അറിയാം സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ഇസ്ലാമിക ഭീകരതയെ പിന്തുണയ്ക്കുകയല്ല പെറ്റു പോറ്റി വളർത്തിയത് യു എസാണെന്ന്. അഫ്ഗാനിൽ ഒസാമ ബിൻ ലാദനെ സൃഷ്ടിച്ച് വളർത്തിയതും യുഎസായിരുന്നു. ഇറാഖിൽ സദ്ദാം ഹുസൈനെതിരെ സൃഷ്ടിച്ച ഭീകരതയ്ക്കും മധ്യേഷ്യയിലെ പലയിടങ്ങളിലും ഇത്തരം സംഘങ്ങളെ പോറ്റി വളർത്തിയതിനും ലോകത്തിന്റെ പല ഭാഗങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്തതിനും പിന്നിൽ യുഎസിന്റെ കരങ്ങൾ തന്നെയായിരുന്നുവെന്നത് യാഥാർഥ്യമാണ്. പാലുകൊടുത്ത കൈയ്ക്ക് കടിക്കുകയെന്ന ചൊല്ലിനെ അന്വർഥമാക്കി ഒസാമ ബിൻ ലാദൻ ഭീമാകാരമായി വളരുകയും ഒരു ഘട്ടം കഴിഞ്ഞപ്പോൾ അമേരിക്കയ്ക്കു നേരെ തിരിയുകയും ചെയ്തപ്പോഴാണ് യുഎസ് ഇസ്ലാമിക ഭീകരത ഒരു ആഗോള വെല്ലുവിളിയായി കണ്ടു തുടങ്ങിയതെന്നതും ചരിത്രമാണ്. ഇന്ന് അവരുടെ മുഖ്യശത്രു ഭീകരതയും തീവ്രവാദവുമൊക്കെയായി മാറിയിരിക്കുന്നുവെന്ന് കേൾക്കുമ്പോൾ യഥാർത്ഥ ചരിത്ര വിദ്യാർത്ഥികൾക്ക് പരിഹാസച്ചിരിയാണ് ഉണ്ടാവുന്നത്. ഇസ്ലാമിക ഭീകരതയെക്കുറിച്ചാണ് പറയുന്നതെങ്കിലും ഇപ്പോഴത്തെ യുദ്ധാന്തരീക്ഷത്തിന്റെ സൃഷ്ടി യുഎസ് പ്രസിഡന്റ് ട്രംപിന് നിലനിൽപിനായുള്ള പരിശ്രമങ്ങളുടെ കൂടി ഭാഗമാണ്. ട്രംപിനോട് വളരെ അടുത്തുനിൽക്കുന്ന ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹുവിന് ഒരു കൈ സഹായവും ഇതിന്റെ പിന്നിലെ ലക്ഷ്യമാണ്.

കാരണം അവിടെ നെതന്യാഹുവും നിലനിൽപ് ഭീഷണി നേരിടുകയാണ്. ഇതോടൊപ്പം കടുത്ത ആയുധക്കച്ചവടഭ്രമവും എണ്ണ സമ്പത്തിലുള്ള കഴുകൻ കണ്ണുകളും അതിന്റെ പിന്നിലുണ്ട്. ഇംപീച്ച്മെന്റ് നേരിടുകയാണ് ട്രംപ്. രണ്ടുതവണ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും കടന്നുകയറാത്തതിനാൽ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് നെതന്യാഹു. ഒരേ തൂവൽ പക്ഷികൾ. സ്വന്തം രാജ്യത്തിനകത്തു നേരിടുന്ന അസ്ഥിരാവസ്ഥയെയും അരക്ഷിതാവസ്ഥയെയും മറികടക്കണമെങ്കിൽ ആരുടെയെങ്കിലും മേക്കിട്ടു കയറി ദേശീയ വികാരം തൊട്ടുണർത്തണം. അതാണ് യുഎസ് പ്രസിഡന്റും അതിന്റെ തണലിൽ നെതന്യാഹുവും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവിടെ ഇന്ത്യയിലും കാര്യങ്ങൾ മറ്റൊന്നല്ലെന്നത് നമ്മുടെ അനുഭവമാണ്. മറ്റൊന്ന് എണ്ണസമ്പത്ത് കയ്യടക്കാനുള്ള അത്യാഗ്രഹവും ആയുധക്കച്ചവടവും തന്നെയാണ്. ലോകത്തെ പല രാജ്യങ്ങളും ഇറാനുമായി എണ്ണ ഇറക്കുമതിക്കുള്ള കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇറാഖിലും എണ്ണസംഭരണമുണ്ട്. ഇറാനെ തകർത്താൽ അവിടത്തെ എണ്ണസമ്പത്ത് കൈപ്പിടിയിലൊതുക്കാനും ഇറാഖിന്റെ എണ്ണ കയറ്റുമതി മെച്ചപ്പെടുത്താനുമാകുമെന്ന കച്ചവടക്കണ്ണാണ് യുഎസിനെ നയിക്കുന്നത്. ഇറാനെതിരായ വ്യോമാക്രമണവും മധ്യപൂർവ്വേഷ്യയിലെ യുദ്ധാന്തരീക്ഷവും ലോകരാജ്യങ്ങളെയെല്ലാം ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇന്ത്യയെ ഇതിലേയ്ക്ക് വലിച്ചിഴക്കാൻ ട്രംപ് നടത്തിയ ശ്രമവും കൂട്ടിവായിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ഭരണാധികാരികൾ അറിഞ്ഞുകൊണ്ടുതന്നെ ഈ കെണിയിൽപ്പെടുമെന്നും ശങ്കിക്കാവുന്നതാണ്. പലരെയും യുദ്ധത്തിന്റെ ഭാഗമാക്കുന്നതിനാണ് ഈ തന്ത്രം. അങ്ങനെ വരുമ്പോൾ ആയുധവില്പന പൊടിപൊടിക്കും. തകർന്നു തുടങ്ങിയ സമ്പദ്ഘടനയ്ക്ക് അതുവഴി താങ്ങ് നല്കാനാകുമെന്ന് ട്രംപ് കരുതുന്നു. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. സമ്പദ്ഘടനയെ തകർത്തുവെന്ന പേരുദോഷത്തിൽ നിന്ന് കരകയറണമെങ്കിൽ ഇതുപോലുള്ള കുതന്ത്രങ്ങളേ പയറ്റാനാകുകയുള്ളൂ. ഏതായാലും മധ്യ പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. ഇപ്പോൾതന്നെ ഇന്ധന വില കുതിച്ചുയരുകയാണ്. കൂടാതെ ലക്ഷക്കണക്കിന് പേരാണ് തൊഴിൽതേടി ഈ മേഖലയിലുള്ളത്. അവരുടെ ഭാവി സാധ്യതകളും ആശങ്കയിലാണ്. ഇറാഖ്, കുവൈറ്റ് യുദ്ധമുണ്ടായപ്പോഴും എന്തിന് സിറിയക്കെതിരെ ഐഎസ് വേട്ടയുടെ പേരിൽ ആക്രമണമുണ്ടായപ്പോഴും എല്ലാം ഉറ്റവരെയോർത്ത് ആധിയോടെയിരുന്നവർ, തിരിച്ചെത്തിയതോടെ ജീവിതം പ്രതിസന്ധിയിലായവർ ഈ കേരളത്തിലും ധാരാളമായുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യുഎസും സഖ്യരാജ്യങ്ങളും തീർക്കുന്ന യുദ്ധാന്തരീക്ഷം നമ്മുടെയല്ലാം ആധിയായി വളരുന്നുണ്ട്.

Top